ഗ്യാസ് പ്രതിസന്ധി വിലകൂട്ടി ഹോട്ടലുകൾ

Wednesday 27 May 2026 12:56 AM IST

ആറ്റിങ്ങൽ: പാചകവാതക വിലവർദ്ധനയ്ക്ക് പിന്നാലെ ആറ്റിങ്ങൽ നഗരത്തിലെ ഹോട്ടലുകളിലെ ഭക്ഷണത്തിന് പൊള്ളുന്ന വില. ഓരോ ഹോട്ടലിലും വ്യത്യസ്ത വിലനിലവാരമാണ് നിലവിലുള്ളത്.ഇത് സംബന്ധിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് പരിശോധനകളോ നിർദ്ദേശങ്ങളോയില്ലാത്തത് ജനത്തെ ബുദ്ധിമുട്ടിക്കുകയാണ്. അതേസമയം,നഗരത്തിൽ കുടുംബശ്രീ ഹോട്ടലുകളിൽ മാത്രമാണ് വില ഉയരാത്തത്. ചായയ്ക്കും എണ്ണപ്പലഹാരങ്ങൾക്കും വിലകൂട്ടി. ദോശ,അപ്പം,പൊറോട്ട,ഇടിയപ്പം എന്നിവയെല്ലാം രണ്ടു രൂപമുതൽ അഞ്ചുരൂപവരെ വില കൂടിയിട്ടുണ്ട്. ഊണിനാണ് വൻ വർദ്ധന.ഊണ് മാത്രം വിൽക്കുന്ന ചില കടകളിൽ സാധാരണ ഊണിന് 130 രൂപ വരെയാണ് വില. മീൻകൂടി വാങ്ങിയാൽ വില 200 കടക്കും. നിരവധി ഹോട്ടലുകളിൽ ജനപ്രിയ ഇനമായ പൊതിച്ചോറിന് 130 മുതൽ 180 വരെയാണിപ്പോൾ. എന്നാൽ വിലകൂടിയിട്ടും കൂടുതൽ വിഭവങ്ങളോ അളവിലോ വർദ്ധനവില്ലെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. തുക കൂട്ടിയെങ്കിലും പല കടകളിൽ ബില്ലുപോലും നൽകാറില്ല.ഇറച്ചി വിഭവങ്ങൾക്കും വില വൻതോതിൽ ഉയർന്നിട്ടുണ്ട്.

 50 രൂപയ്ക്ക് ലഭിച്ചിരുന്ന സാധാരണ ഊണിന് ഇപ്പോൾ 90 രൂപയാണ്

 ഊണും വറുത്ത മീനും വാങ്ങിയാൽ 150 മുതൽ 190 രൂപവരെയാണ് നിരക്ക്

 ചായയ്ക്ക് 12 മുതൽ 15 വരെയാണ് ഇപ്പോൾ ഈടാക്കുന്നത്

 ഇറച്ചി വിഭവങ്ങൾക്ക് 50 മുതൽ 80 രൂപ വരെ വർദ്ധിച്ചു

ആശ്വാസമായി സുഭിക്ഷ

വിലവർദ്ധനയ്ക്കിടയിലും ആറ്റിങ്ങലിൽ സുഭിക്ഷ ഹോട്ടലും നഗരസഭ ക്യാന്റിനും സാധാരണക്കാർക്ക് ആശ്വാസമാകുന്നു. പൂവമ്പാറയിലെ സുഭിക്ഷ ഹോട്ടലിൽ ഊണിന് 30 രൂപയാണ്. കുടുംബശ്രീ ക്യാന്റിനിൽ ഊണിന് 40രൂപയും ചായയും ചെറു കടികളും 10രൂപ വീതവുമാണ്. രണ്ടിടങ്ങളിലും മീൻ കറിക്ക് 30 രൂപയാണ് വില.