ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം: ശാശ്വതപരിഹാരം കാണാൻ നഗരസഭ

Thursday 28 May 2026 3:21 AM IST

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിന്റെ മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ നഗരസഭ.സംസ്ഥാന - കേന്ദ്ര സർക്കാരുകളുടെ സഹകരണത്തോടെയുള്ള പദ്ധതിക്കാണ് തീരുമാനം. ഇതുസംബന്ധിച്ച് മേയർ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി.

കോർപ്പറേഷന്റെയും ഇറിഗേഷൻ വകുപ്പിന്റെയും നേതൃത്വത്തിൽ,ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണം നടക്കുന്നുണ്ടെങ്കിലും മാലിന്യപ്രശ്നങ്ങൾക്ക് ഇതുവരെ ഒരു പരിഹാരമുണ്ടായിട്ടില്ല. മാലിന്യം കോരുന്ന ഇടങ്ങളിൽ വീണ്ടും മാലിന്യമടിയുന്ന അവസ്ഥയാണ്.അതിനാലാണ് സ്ഥിരം പരിഹാരം കാണാൻ നഗരസഭ തീരുമാനിച്ചത്.ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും,വേണ്ട നടപടികൾ ആലോചിച്ചെടുക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകിയതായി മേയർ പറഞ്ഞു.

നിലവിൽ മഴക്കാലപൂർവ ശുചീകരണം എന്ന നിലയിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാദ്ധ്യതയുള്ള ഇടങ്ങളിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ വൃത്തിയാക്കാൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താത്കാലിക

ശുചീകരണം

വെള്ളം കെട്ടിക്കിടക്കാൻ സാദ്ധ്യതയുള്ള തമ്പാനൂർ,പഴവങ്ങാടി,തകരപ്പറമ്പ് തുടങ്ങിയ പ്രധാന ഭാഗങ്ങളിൽ ഇതിനകം താത്കാലിക മഴക്കാല ശുചീകരണം നടത്തി.കണ്ണമ്മൂലയിൽ ഭാഗികമായും ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.കൂടാതെ,കോർപ്പറേഷൻ പരിധിയിലെ ഓടകളും മഴയ്ക്ക് മുമ്പായി വൃത്തിയാക്കി സുരക്ഷയുറപ്പാക്കി.

മുഖ്യ മന്ത്രി ആലോചിച്ച് തീരുമാനമെടുക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.കേന്ദ്രത്തിൽ നിന്ന് ഫണ്ട് ലഭിച്ചാൽ തോടിന് മാലിന്യത്തിൽ നിന്ന് മോക്ഷമാകും.

വി.വി.രാജേഷ്,മേയർ