അക്ഷരമുറ്റത്ത് കുട്ടിപ്പട്ടാളമെത്തും കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ വിദ്യാലയങ്ങൾ ഒരുങ്ങി

Monday 01 June 2026 1:38 AM IST

കാട്ടാക്കട: വേനലവധിക്ക് വിരാമമിട്ട് സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. കാട്ടാക്കട താലൂക്കിലെ വിവിധ സ്കൂളുകളിലും നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെട്ട ആര്യനാട്, ഉഴമലക്കൽ, വെള്ളനാട് ഗ്രാമപഞ്ചായത്തുകളിലെ വിദ്യാലയങ്ങളിലും നാളെ രാവിലെ മുതൽ വിദ്യാലയ മണികൾ മുഴങ്ങിത്തുടങ്ങും. ആദ്യമായെത്തുന്ന കുരുന്നുകളെ വരവേൽക്കാൻ കാട്ടാക്കട, ആര്യനാട്, ഉഴമലക്കൽ, വെള്ളനാട് മേഖലകളിലെ സ്കൂളുകളിൽ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിട്ടുള്ളത്. ക്ലാസ് മുറികളും സ്കൂൾ പരിസരവും മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.

സ്കൂൾ കവാടത്തിൽ വച്ചുതന്നെ ജനപ്രതിനിധികളും അദ്ധ്യാപകരും ചേർന്ന് കുട്ടികളെ മധുരപലഹാരങ്ങളും തൊപ്പികളും സമ്മാനങ്ങളും നൽകി സ്വീകരിക്കും. പാട്ടും നൃത്തവും ഉൾപ്പെടെയുള്ള വിനോദപരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

കാട്ടാക്കട താലൂക്കിലെ വിദ്യാലയങ്ങളിലും ആര്യനാട്, ഉഴമലക്കൽ, വെള്ളനാട് പഞ്ചായത്തുകളിലും വിപുലമായ ശുചീകരണ പ്രവർത്തനങ്ങളാണ് നടന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഹരിതകർമ്മ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സ്കൂളും പരിസരവും കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കി. കുടിവെള്ള സ്രോതസ്സുകൾ ശുദ്ധീകരിക്കുകയും ക്ലാസ് മുറികൾ അണുവിമുക്തമാക്കുകയും ചെയ്തിട്ടുണ്ട്. സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധനയും പൂർത്തിയാക്കി.

കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളും യൂണിഫോമുകളും വിതരണത്തിനായി സ്കൂളുകളിലെത്തിച്ചിട്ടുണ്ട്.