ചാക്ക - എയർപോർട്ട് റോഡിൽ അപകടഭീതിയിൽ ഓടകൾ
തിരുവനന്തപുരം: ചാക്ക ഇന്റർനാഷണൽ എയർപ്പോർട്ടിന് സമീപത്തെ റോഡരികിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ഓടകൾ മേൽമൂടിയില്ലാതെ തുറന്നുകിടക്കുന്നതായി പരാതി. നൂറുകണക്കിന് ആളുകളാണ് ഈ വഴി കടന്നുപോരുന്നത്. ഏകദേശം മൂന്ന് മീറ്ററോളം ഓട ഇത്തരത്തിൽ തുറന്നുകിടക്കുന്നുണ്ട്. ഇതിന് സമീപത്തായി ബസ് കാത്തിരിപ്പ് കേന്ദ്രവും ഉണ്ട്. സമീപത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർ, എയർപ്പോർട്ട് ജീവനക്കാർ, വിദ്യാർത്ഥികൾ തുടങ്ങി ശംഖുമുഖം, വേളി, വെട്ടുകാട്, കണ്ണാന്തുറ, പെരുമാതുറ തുടങ്ങിയ ഭാഗങ്ങളിലേയ്ക്ക് പോകുന്ന യാത്രക്കാർ ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. എന്നാൽ തുറന്നുകിടക്കുന്ന ഓടയിൽ നിന്ന് വമിക്കുന്ന ദുർഗന്ധം കാരണം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിൽക്കുന്നത് വളരെ ബുദ്ധിമുട്ടിയാണ്. മാലിന്യങ്ങൾ കെട്ടി നിൽക്കുന്നതിനാൽ മഴവെളളം ഓടയിലുടെ ഒഴുകി പോകുന്നതിന് തടസങ്ങളുണ്ട്. കെട്ടി നിൽക്കുന്ന കറുത്ത നിറമുളള വെളളത്തിൽ നിന്ന് കൊതുക് ശല്യവും രൂക്ഷമാണ്. ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേരളകൗമുദി നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
മഴക്കാലത്ത് അപകടങ്ങൾ നിരവധി
മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കുന്നതിനാൽ ഓടയുണ്ടെന്ന് അറിയാതെ അപകടങ്ങൾ സംഭവിക്കുന്നതും പതിവാണ്. അശാസ്ത്രിയമായ നിർമ്മാണം കാരണം ചാക്ക ഭാഗത്ത് ചെറിയ മഴയിൽപ്പോലും വെള്ളം കെട്ടി നിൽക്കും. ഓടയുടെ ആഴം പലപ്പോഴും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്.
മാലിന്യ നിക്ഷേപം
റോഡരികിലെ മാലിന്യ നിക്ഷേപം കൊണ്ട് ജനം പൊറുതിമുട്ടിയതോടെ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. ഇതോടെ രാത്രികാലങ്ങളിൽ ഓടകളിലേക്ക് മാലിന്യം നിക്ഷേപിക്കാൻ തുടങ്ങി. ചാക്ക ഭാഗത്തുള്ള ഈ വിടവും സാമൂഹിക വിരുദ്ധർ ദുരുപയോഗം ചെയ്യുമെന്ന ഭയത്തിലാണ് സമീപ വാസികൾ. രാത്രിയിൽ ബൈക്കുകളിൽ ഒഴിഞ്ഞ കുപ്പികളും ചെറു പാക്കറ്റ് അവശിഷ്ടങ്ങളും നിക്ഷേപിക്കാറുണ്ട്. വീടിന്റെ സമീപ പ്രദേശങ്ങളിൽ ചത്ത മൃഗങ്ങളെയും ഈ ഓടയിൽ കൊണ്ടിടാറുണ്ടെന്നാണ് പരാതി.