16 കാരിയെ ഗർഭിണിയാക്കിയ പ്രതിക്ക് 58 വർഷം കഠിനതടവ്
നെയ്യാറ്റിൻകര: 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പാറശാല മുരിയങ്കര മണികണ്ഠ വിലാസം വീട്ടിൽ അരുണി (29,അച്ചു)നെ 58 വർഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴ ഒടുക്കുവാനും ശിക്ഷിച്ചു. നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്ജി കെ.എം സുജയാണ് ശിക്ഷിച്ചത്. അതിജീവിത പ്രസവിച്ചിരുന്നു. ആശുപത്രിയിൽ നിന്നു ഡോക്ടർമാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അച്ഛൻ ജീവിച്ചിരിപ്പില്ലാത്ത കുട്ടി അമ്മയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. അമ്മ വീട്ടുജോലിക്കായി ദൂരെയായിരുന്ന അവസരത്തിലാണ് കുട്ടിയെ പീഡിപ്പിച്ചത്. പീഡന വിവരം പുറത്ത് പറഞ്ഞാൽ അമ്മയെയും അതിജീവിതയും കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി അതിജീവിത കോടതിയിൽ മൊഴി നൽകിയിരുന്നു. ഈ പ്രതിയല്ല അരുൺ എന്ന പേരുള്ള മറ്റൊരാളാണ് പ്രതി എന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. പ്രോസിക്യൂഷൻ ഹാജരാക്കിയ ഡി.എൻ.എ പരിശോധന ഫലം തെളിവായി സ്വീകരിച്ചുകൊണ്ടാണ് പ്രതിയെ ശിക്ഷിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്.വിനോദ്, അഡ്വ.മായാദേവി എന്നിവർ ഹാജരായി. പാറശാല എസ്.എച്ച്.ഒ ആയിരുന്ന ചന്ദ്രകുമാറാണ് കേസ് അന്വേഷിച്ചത്.