പ്ലസ് വൺ സീറ്റ് കൂട്ടിയേ...

Wednesday 27 May 2026 12:42 AM IST

  • ആകെ സീറ്റ് 38,321

തൃശൂർ: ജില്ലയിലെ പ്ലസ് വൺ സീറ്റുകളുടെ എണ്ണത്തിൽ ഇത്തവണയും വർദ്ധന. കഴിഞ്ഞ തവണത്തേതിനു സമാനമായി 20 ശതമാനം സീറ്റുകളാണ് ഇത്തവണ വർദ്ധിപ്പിച്ചത്. ഇതോടെ ജില്ലയിലെ ആകെ പ്ലസ് വൺ സീറ്റുകളുടെ എണ്ണം 38321 ആയി. കഴിഞ്ഞ തവണ 33,000മായിരുന്നു ആകെ സീറ്റുകൾ.

ഇത്തവണ സർക്കാർ വിഭാഗത്തിൽ 219 ബാച്ചുകൾക്കായി 10950 സീറ്റുകൾക്കൊപ്പം 200 അഡീഷണൽ സീറ്റുകളും 2230 മാർജിനൽ സീറ്റുകളും ഉൾപ്പടെ 13380 സീറ്റുകളാണുള്ളത്. എയ്ഡഡ് വിഭാഗത്തിൽ 16650 സീറ്റിനൊപ്പം 3330 മാർജിനൽ സീറ്റുകളടക്കം 19980 സീറ്റുകളുണ്ട്.

അൺ എയ്ഡഡ് വിഭാഗത്തിൽ 94 ബാച്ചുകളിലായി 4700ഉം സ്‌പെഷ്യൽ സ്‌കൂളുകളിലെ രണ്ട് ബാച്ചുകളിലുമായി 72 സീറ്റുകളും റെസിഡൻഷ്യൽ സ്‌കൂളുകളിൽ രണ്ട് ബാച്ചുകളിലായി 89 സീറ്റുകളുമുണ്ട്. ടെക്‌നിക്കൽ സ്‌കൂളിൽ രണ്ടു ബാച്ചുകളിലായി നൂറ് സീറ്റുകളുമാണുള്ളത്.

653 ബാച്ച്, 38321സീറ്റ്

എല്ലാ വിഭാഗം സ്‌കൂളുകൾക്കുമായി ആകെയുള്ള 653 ബാച്ചുകളിലായി 38321 സീറ്റുകളാണുള്ളത്. മുൻപുണ്ടായിരുന്ന 32,561 സീറ്റുകൾക്കൊപ്പം 200 അഡീഷണൽ സീറ്റുകളും 5560 മാർജിനൽ സീറ്റുകളും കൂടി ഇത്തവണ കൂട്ടിച്ചേർക്കപ്പെട്ടു.

ഇത്തവണ എസ്.എസ്.എൽ.സിക്ക് 98.83 ശതമാനം വിജയത്തോടെ 34,831 വിദ്യാർത്ഥികളാണ് ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞതവയിത് 35,776 ആയിരുന്നു. എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ വിജയികളും സേ പരീക്ഷ എഴുതി വിജയിക്കുന്നവരും കൂടി എത്തുന്നതോടെ സീറ്റുകൾ തികയില്ലേ എന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾക്ക് ഇതോടെ വിരാമമാകുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.