ലോകകപ്പ് ഫുട്ബാളിന് ആവേശം... തൃശൂരിന്റെ ഗൊളാസോ

Saturday 30 May 2026 12:01 AM IST

  • സംസാരപരിമിതി മറികടന്ന് ഗാനം ആലപിച്ചത് പൂജ രമേഷ്

തൃശൂർ: ലോകകപ്പ് ഫുട്ബാളിന്റെ ആവേശം പകരാൻ തൃശൂരിൽ നിന്നൊരു ഇംഗ്ലീഷ് ഗാനം. സംസാരിക്കാനുള്ള പരിമിതികളെ സംഗീതം കൊണ്ട് മറികടന്ന പൂജ രമേഷാണ് ഗൊളാസോ എന്ന ആവേശഗാനത്തിന്റെ സ്വരമാധുര്യം. ഫുട്ബാൾ സംഗീത ചരിത്രത്തിൽ ഓട്ടിസം ബാധിച്ച ഗായിക ഇതാദ്യമാണെന്ന് അണിയറ ശിൽപ്പികൾ പറയുന്നു. അതിനാൽ ഗിന്നസ് റെക്കാഡിനും ശ്രമം തുടങ്ങിയിട്ടുണ്ട്.

ഓട്ടിസത്തെ പാടിത്തോൽപ്പിച്ച്, കായികസംഗീത ലോകത്ത് അപൂർവമായൊരു ചരിത്രവിസ്മയമായി തീരാൻ പൂജയ്ക്ക് അവസരം ഒരുക്കിയത് മുൻ ഫുട്ബാൾ താരം കൂടിയായ സംഗീത സംവിധായകൻ സുരേഷ് മാഞ്ചസ്റ്ററാണ്. ആൽബത്തിന്റെ രചനയും അദ്ദേഹം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. കേരളവർമ കോളേജ് താരമായിരിക്കെ, ഇരുപതാം വയസിൽ പരിക്കേറ്റ് കളംവിടേണ്ടി വന്നയാളാണ് സുരേഷ്. 2022ലെ ലോകകപ്പിനും അദ്ദേഹം ഗാനം ഒരുക്കിയിരുന്നു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രകാശനം ചെയ്ത ഗൊളാസോ പൂജയുടെ കരിയറിലെ ആദ്യ മ്യൂസിക് ആൽബമാണ്. 70 ശതമാനത്തോളം ഓട്ടിസം ബാധിച്ചിട്ടും പ്രതിസന്ധികൾ മറികടന്ന് കർണാടക സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടി. നിരവധി ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങളും സ്വന്തമാക്കി. 27 ശാസ്ത്രീയ സംഗീതക്കച്ചേരികളും 450ലേറെ വേദികളിലും ഗാനം ആലപിച്ചു.

മൈലിപ്പാടം ചേതന സംഗീത നാട്യ അക്കാഡമി ഡയറക്ടർ ഫാ. ഡോ. പോൾ പൂവത്തിങ്കലിന്റെ മാർഗനിർദ്ദേശമാണ് പൂജയുടെ ജീവിതത്തിൽ വഴിത്തിരിവായത്. പിന്നീട് ദേശമംഗലം നാരായണൻ നമ്പൂതിരി, പ്രമുഖ ഗായിക റീന മുരളി എന്നിവരുടെ കീഴിലുള്ള പരിശീലനമാണ് സംഗീതജ്ഞയാക്കിയത്. ഗൊളാസോ ഗാനത്തിനായി ചേതനയിലെ ഡാൽവിൻ ഡേവിസാണ് പരിശീലനം നൽകിയത്.

ഇംഗ്ലീഷ് ഭാഷയൊരു പ്രതിസന്ധിയാകുമോയെന്ന് വലിയ ആശങ്കയുണ്ടായിരുന്നു. എന്നാൽ, സംഗീതം മാത്രം ശ്വാസമാക്കി മാറ്റിയ മകൾക്ക് വെല്ലുവിളിയായില്ല.

-വി.എസ്.രമേശൻ (പിതാവ്)