പൂരം പ്രദർശനത്തിന് പ്രൗഢസമാപനം
തൃശൂർ: നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ആനകളും പഞ്ചവാദ്യവും ഉൾപ്പെടെ ഉത്സവഛായയിൽ പൂരം പ്രദർശനത്തിന് സമാപനം. കേന്ദ്രമന്ത്രി സുരേഷ്‌ഗോപി സമാപനച്ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. പൂരം സുരക്ഷ സംബന്ധിച്ച് കൂട്ടായ തീരുമാനം വേണമെന്ന് അദ്ദേഹം പറഞ്ഞു. കാണികളുടെ സുരക്ഷയ്ക്ക് ഗ്യാരണ്ടി നൽകുന്ന രീതിയിലാകണം പുതിയ ക്രമീകരണം. ഇത്തരം നീക്കങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും ദേവസ്വങ്ങളുടെ നേതൃത്വത്തിൽ ശിവകാശി സന്ദർശിക്കണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർദ്ദേശിച്ചു. സംഭവത്തിന്റെ സ്വാഭാവികമായ അലയടികൾ ബാധിക്കാതെ പൂരം കളങ്കമില്ലാതെ നടത്താൻ മുൻമന്ത്രി കെ. രാജൻ ഉൾപ്പെടെയുള്ളവർക്ക് കഴിഞ്ഞെന്നും സുരേഷ് ഗോപി പറഞ്ഞു. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെക്കുറിച്ച് പരോക്ഷമായി സൂചിപ്പിച്ച കേന്ദ്രമന്ത്രി 16 വേദനകൾക്കുള്ള പൂജയാകണം നിയന്ത്രണങ്ങളെന്നും വ്യക്തമാക്കി.
യോഗത്തിൽ മേയർ ഡോ. നിജി ജസ്റ്റിൻ അദ്ധ്യക്ഷയായി. രാജൻ പല്ലൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, ടി.ആർ. ഹിരൺ, പൂർണിമ സുരേഷ്, ജോയ് ബാസ്റ്റിൻ ചാക്കോള, അഡ്വ. രേഷ്മ മേനോൻ, ജി. രാജേഷ്, കെ. ഗിരീഷ്‌കുമാർ, കേണൽ പി.ആർഎം. രവി, എം. ജയചന്ദ്രൻ, കെ. ദിലീപ് കുമാർ, അഡ്വ. കെ.പി. അജയൻ തുങ്ങിയവർ പ്രസംഗിച്ചു.