ഭരണമാറ്റം: ഇടത് സർവീസ് സംഘടനകളിൽ കൊഴിഞ്ഞുപോക്ക്

Monday 01 June 2026 12:00 AM IST

തൃശൂർ: സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയതോടെ ഇടത് സർവീസ് സംഘടനകളിൽ കൊഴിഞ്ഞുപോക്ക് ശക്തമാകുന്നു. കഴിഞ്ഞ ദിവസങ്ങളായി നിരവധി ജീവനക്കാരാണ് ഭരണപക്ഷാനുകൂല സംഘടനകളിലേക്ക് കൂടുമാറുന്നത്. ഗസറ്റഡ്, നോൺ ഗസറ്റഡ് വ്യത്യാസമില്ലാതെയാണ് ഈ കളംമാറ്റം നടക്കുന്നത്. മുൻപ് സ്ഥലമാറ്റം, പ്രമോഷൻ എന്നിവയ്ക്കായി നിഷ്പക്ഷരും മറ്റ് രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്നവരും ഇടതു യൂണിയനുകളിൽ ചേരാറുണ്ടായിരുന്നു. തങ്ങളുടെ സംഘടനകളിൽ അംഗത്വമുള്ളവർക്ക് മാത്രമേ സ്ഥലമാറ്റം ഉൾപ്പെടെയുള്ളവയ്ക്ക് ശുപാർശ നൽകേണ്ടതുള്ളൂവെന്ന നിലപാടാണ് സംഘടനകൾക്കുള്ളത്. പാർട്ടിക്കാരല്ലാത്ത അംഗങ്ങൾ മറ്റ് യൂണിയനുകളിലേക്ക് പോകുന്നതിന് നേതാക്കൾ മൗനാനുവാദം നൽകുന്നുണ്ട്. അതേസമയം ഭരണമാറ്റം മുന്നിൽക്കണ്ട് ഇടതു യൂണിയനുകളിലെ പലരും തിരഞ്ഞെടുപ്പിന് മുൻപുതന്നെ ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് സ്ഥലമാറ്റം വാങ്ങിയതായും സൂചനയുണ്ട്. നോൺ ഗസറ്റഡ് വിഭാഗത്തിൽ സി.പി.എം, സി.പി.ഐ, കോൺഗ്രസ്, ബി.ജെ.പി, മുസ്ലീം ലീഗ്, കേരള കോൺഗ്രസ് എന്നീ പാർട്ടികൾക്കും ഗസറ്റഡ് വിഭാഗത്തിൽ സി.പി.എം, സി.പി.ഐ, കോൺഗ്രസ്, ബി.ജെ.പി അനുകൂല സംഘടനകൾക്കുമാണ് പ്രാതിനിധ്യമുള്ളത്.