56 വയസ് വെറും നമ്പർ; ട്രാക്കിൽ കുതിച്ച് ഡെയ്‌സി

Wednesday 03 June 2026 12:12 AM IST

തൃശൂർ: 56 -ാം വയസിലും ട്രാക്കിലിറങ്ങിയാൽ ഡെയ്‌സി കുതിക്കും, പഞ്ചാബിലെ ഗുരുകാശി സർവകലാശാലയിൽ നടന്ന ദേശീയ വെറ്ററൻസ് മീറ്റിലെ അഞ്ച് മെഡലുകളാണ് വാരിക്കൂട്ടിയത്. രണ്ട് റിലേ മത്സരങ്ങളിൽ (4x100, 4x400) സ്വർണം, 5 കീ.മി. നടത്തത്തിൽ വെള്ളി, 800 മീറ്റർ ഓട്ടത്തിൽ വെങ്കലം... ട്രാക്കിലിറങ്ങി രണ്ടുവർഷം പിന്നിടുമ്പോൾ ഈ വീട്ടമ്മ കൊയ്ത നേട്ടങ്ങളേറെയുണ്ട്. തൃശൂർ സ്വരാജ് റൗണ്ടിന് ചുറ്റും നിത്യേന നടക്കുന്ന 'വടക്കുന്നാഥൻ വാക്കേഴ്‌സ് ക്ലബ്ബിൽ' അംഗമായതോടെയാണ് പൂങ്കുന്നം സ്വദേശിനിയായ ഡെയ്‌സി കായികരംഗത്തേക്ക് ചുവടുവെക്കുന്നത്. 'ഡിഗ്രി കഴിഞ്ഞയുടൻ വിവാഹം കഴിഞ്ഞു, പിന്നീട് പഠനം തുടരാനായില്ല. മൂന്ന് മക്കളുടെ കാര്യം നോക്കാനായി സർക്കാർ ജോലി നേടുകയെന്ന ലക്ഷ്യവും കൈവിട്ടു. മക്കളെല്ലാം വലുതായതോടെയാണ് പിന്നീട് ട്രാക്കിലേക്കും ഫീൽഡിലേക്കും ഇറങ്ങുന്നതെന്ന് ഡെയ്‌സി പറയുന്നു. യൂസ്ഡ് വെഹിക്കിൾ ഷോറൂം നടത്തുന്ന ഭർത്താവ് ജേക്കബ്ബിന്റെ സഹായിയായി ബിസിനസിലും പ്രവർത്തിക്കുന്നതിനിടെയാണ് കായികരംഗത്തേക്കുള്ള വരവ്. ഇടുക്കിയിൽ നടന്ന മലയാളി മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിലും കായികമികവിന് നിരവധി അംഗീകാരങ്ങൾ ഡെയ്‌സി നേടി. 'നടത്തത്തിലൂടെ ആരോഗ്യം' എന്നതാണ് തന്റെ ആപ്തവാക്യമെന്നാണ് ഇവർ വിശദീകരിക്കുന്നത്.

പഠനത്തിലും സജീവം

സ്‌പോർട്‌സിനൊപ്പം ഇടയ്ക്ക് നിന്നുപോയ പഠനവും തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് ഇവർ. യോഗയിൽ ടി.ടി.സി പൂർത്തിയാക്കിയ ശേഷം ട്രെയിനറായും പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം എം.എസ്.സി യോഗ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിനി കൂടിയാണ്. പ്രായം വെറുമൊരു നമ്പർ മാത്രമെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കുന്ന ഈ വീട്ടമ്മയ്ക്ക് കൂട്ടായി ഭർത്താവ് ജേക്കബ്ബും മക്കളായ അഖിൻ (ബി.ഡി.എസ് ഡോക്ടർ), ഐറിൻ, അഷിൻ (എം.ബി.ബി.എസ്) എന്നിവരുമുണ്ട്. ചെമ്പുക്കാവ് ജെ.ടി.എസിലെ കോച്ച് സുരേഷ് കുമാർ രാമന്ത്രയാണ് സ്‌പോർട്‌സിൽ ഡെയ്‌സിക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുന്നത്. ഡെയ്‌സിയുടെ ഉൾപ്പെടെ കരുത്തിൽ കുതിച്ച കേരളത്തിന് ദേശീയ വെറ്ററൻസ് അത്‌ലറ്റിക് മീറ്റിൽ രണ്ടാം സ്ഥാനവും നേടാനായി. പഞ്ചാബാണ് കിരീടമണിഞ്ഞത്.

'പലപ്പോഴും ആത്മസംഘർഷത്തിലേക്ക് വനിതകളുടെ മനസ് വഴിമാറാറുണ്ട്. ആരോഗ്യസംരക്ഷണമാണ് പരിഹാരം. അതിനുള്ള പ്രധാനമാർഗം സ്‌പോർട്‌സും യോഗയുമെല്ലാമാണ്.'

ഡെയ്‌സി