എയ‌ർ ഷോയ്‌ക്കിടെ രണ്ട് യുദ്ധവിമാനങ്ങൾ തമ്മിൽ കൂട്ടിമുട്ടി, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

Monday 18 May 2026 8:06 AM IST

വാഷിംഗ്‌ടൺ: എയർ ഷോയ്‌ക്കിടെ രണ്ട് യുദ്ധവിമാനങ്ങൾ തമ്മിൽ കൂട്ടിമുട്ടി അപകടം. വിമാനങ്ങളിലുണ്ടായിരുന്ന നാല് പൈലറ്റുമാർ കൃത്യസമയത്ത് പാരച്യൂട്ടിൽ രക്ഷപ്പെട്ടു. അമേരിക്കയിലെ ഇഡാഹോയിലെ മൗണ്ടൻ ഹോം എയർ ബേസിൽ നടന്ന എയർ ഷോയ്‌ക്കിടെയാണ് അപകടമുണ്ടായത്. അമേരിക്കയുടെ ഇഎ-18ജി ഗ്രൗളർ ഇരു സീറ്റുകളുള്ള ജെറ്റ് വിമാനങ്ങളാണ് തക‌ർന്നത്. എയർഷോയ്‌ക്കിടെ മുകളിലുണ്ടായിരുന്ന വിമാനം താഴത്തെ വിമാനത്തിൽ കുരുങ്ങുകയും ഇരുവിമാനങ്ങളും ഇരുദിശയിലേക്ക് കുത്തനെ നിന്ന സമയത്ത് നാല് പൈലറ്റുമാരും പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുകയുമായിരുന്നു.

സംഭവം നടന്നയുടൻ എമർജൻസി ക്രൂ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി, അപകടത്തെ തുട‌ർന്ന് എയർ ഫോഴ്‌സ് ബേസ് അടച്ചു. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോകൾ ഇതിനകം വൈറലാണ്. പ്രാദേശിക സമയം ഞായറാഴ്‌ച രാവിലെയോടെയാണ് ഈ സംഭവമുണ്ടായത്. എയർ ബേസിന് തൊട്ടുവെളിയിലുള്ള ഭാഗത്താണ് അപകടം നടന്നത്. എമർജൻസി പ്രതികരണ വിഭാഗം സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്‌ക്ക് പുറത്തുവിടുമെന്ന്‌ മൗണ്ടൻ ഹോം എയർബേസ് വക്താവ് അറിയിച്ചു. സംഭവം നടന്നയുടൻ കാണികളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു.

വിമാനങ്ങളിലുണ്ടായിരുന്ന നാല് പൈലറ്റുമാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. അപകടം നടന്ന ഒരു കിലോമീറ്റർ തെക്ക് ഇവർക്ക് ഇറങ്ങാനായെന്നാണ് വിവരം.