മലയാളി സ്റ്റാർട്ടപ്പ് ഫോബ്സ് പട്ടികയിൽ
കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനിൽ (കെ.എസ്. യു.എം) ഇൻകുബേറ്റ് ചെയ്ത ഡ്രോൺ സാങ്കേതികവിദ്യ സ്റ്റാർട്ടപ്പായ 'ഫ്യൂസ്ലേജ് ഇന്നൊവേഷൻസിന്റെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ദേവൻ ചന്ദ്രശേഖരൻ ലോകപ്രശസ്ത ബിസിനസ് മാഗസിനായ ഫോബ്സിന്റെഇത്തവണത്തെ ‘30 അണ്ടർ 30 ഏഷ്യ’ പട്ടികയിൽ ഇടംനേടി. വ്യവസായം, ഉത്പാദനം, ഊർജ്ജം എന്നീ വിഭാഗങ്ങളിലെ മികച്ച സംഭാവനകളും തദ്ദേശീയ സാങ്കേതികവിദ്യ വികസനത്തിലെ മുന്നേറ്റങ്ങളും കണക്കിലെടുത്താണ് നേട്ടം.
എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്യൂസ്ലേജ് കൃഷി, വ്യവസായം, ദുരന്തനിവാരണം, പ്രതിരോധം, നിരീക്ഷണം തുടങ്ങിയ മേഖലകൾക്കായി അത്യാധുനിക ആളില്ലാ വിമാനങ്ങളും ഓട്ടോണമസ് സാങ്കേതികവിദ്യകളും വികസിപ്പിക്കുന്ന മുൻനിര സ്ഥാപനമാണ്. എയറോസ്പേസ് എൻജിനീയറായ ദേവൻ ചന്ദ്രശേഖരൻ 2020-ലാണ് ഫ്യൂസലേജിന് തുടക്കം കുറിച്ചത്. കേന്ദ്ര സർക്കാരിന്റെ നാഷണൽ സ്റ്റാർട്ടപ്പ് അവാർഡ് (ആസ്പയർ) ഉൾപ്പെടെ നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഫോബ്സ് അംഗീകാരം ഫ്യൂസ്ലേജ് ടീമിനുള്ള അംഗീകാരമാണെന്ന് ദേവൻ ചന്ദ്രശേഖരൻ പറഞ്ഞു.