SignIn
Kerala Kaumudi Online
Tuesday, 02 June 2026 10.30 PM IST

രണ്ട് സർക്കാർ ബസുകളും ട്രാക്‌ടറും കൂട്ടിയിടിച്ച് തീ പിടിച്ചു; ഏഴ് മരണം, നിരവധി പേർക്ക് പരിക്ക്

accident-

സൂറത്ത്: രണ്ട് സർക്കാർ ബസുകളും ട്രാക്ടറും കൂട്ടിയിടിച്ച് ഏഴ് മരണം. ഗുജറാത്തിലെ സൂറത്തിലാണ് അപകടം ഉണ്ടായത്. മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസുകളും ട്രാക്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. 15 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സൂറത്തിലെ ബർദോളി താലൂക്കിനടുത്തുള്ള ഉവമണെക്പൂർ ഗ്രാമത്തിന് സമീപമാണ് ദാരുണമായ സംഭവം. അപകടത്തിൽ ഒരു ബസ് പൂർണമായും കത്തി നശിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

ധൂലെയിൽ നിന്നും നവാപൂർ വഴി സൂറത്തിലേക്ക് വരികയായിരുന്ന ബസ് തൊട്ടുമുന്നിൽ പോയ ട്രാക്ടറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് ഡിവൈഡർ മറികടന്ന് എതിർദിശയിൽ വന്ന മറ്റൊരു സർക്കാർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൂട്ടിയിടിക്ക് പിന്നാലെ ഒരു ബസ് പലതവണ മറിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് പതിക്കുകയും നിമിഷങ്ങൾക്കകം തീപിടിക്കുകയുമായിരുന്നു. ഒരു ബസിൽ 25ഓളം യാത്രക്കാരും രണ്ടാമത്തെ ബസിൽ മുപ്പത്തഞ്ചിലധികം യാത്രക്കാരും ഉണ്ടായിരുന്നു.


തകർന്ന ബസിലെ തീപിടിച്ച അവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടുത്തിയ 15ഓളം യാത്രക്കാരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഹൈവേയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ഉണ്ടായി. തകർന്ന വാഹനങ്ങൾ മാറ്റിയ ശേഷമാണ് പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തിൽപ്പെട്ട യാത്രക്കാരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ അധികൃതർ തുടരുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, ACCIDENT, SURAT, GUJARAT, ACCIDENT NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360