SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.38 PM IST

45 ലിറ്റർ ശേഷിയുള്ള ടാങ്കിൽ 52 ലിറ്റർ പെട്രോൾ നിറച്ചെന്ന് വ്യാജ ബില്ല്; തട്ടിപ്പ് കൈയ്യോടെ പിടികൂടി യുവാവ്

charan-singh

ലക്‌നൗ: പരമാവധി 45 ലിറ്റർ സംഭരണശേഷിയുള്ള ഇന്ധന ടാങ്കിൽ 52 ലിറ്റർ പെട്രോൾ അടിച്ചെന്ന് കാണിച്ച് വ്യാജബില്ല് നൽകി പമ്പ് ജീവനക്കാർ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. പുത്തൻ ഫോക്‌സ് വാഗൺ വിർടസ് കാറിൽ പെട്രോൾ അടിക്കാനെത്തിയ ചരൺ സിംഗ് എന്ന യുവാവിനെയാണ് കബളിപ്പിക്കാൻ ശ്രമിച്ചത്. ഇദ്ദേഹത്തിന്റെ പരാതിയിന്മേൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ജില്ലാഭരണകൂടം. പെട്രോൾ പമ്പിലെ ഡിസ്‌പെൻസിംഗ് യൂണിറ്റുകളെക്കുറിച്ച് അടിയന്തര അന്വേഷണം വേണമെന്നാണ് ഉത്തരവ്.

കാറിന്റെ ഇന്ധന ടാങ്കിന്റെ പരമാവധി ശേഷിയിൽ പെട്രോൾ അടിക്കാനാണ് യുവാവ് ജീവനക്കാരോട് ആവശ്യപ്പെട്ടത്. 41 ലിറ്റർ നിറച്ചുകഴിഞ്ഞ് പെട്രോൾ അടിക്കുന്നത് അൽപസമയം നിർത്തിവച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ വലിയ അളവിൽ പെട്രോൾ നിറയ്‌ക്കുന്നത് രണ്ട് ഘട്ടങ്ങളിലായി മാത്രമേ ചെയ്യാൻ സാധിക്കുവെന്നായിരുന്നു ജീവനക്കാരുടെ മറുപടി. എന്നാൽ, ബില്ലിൽ 52 ലിറ്റർ പെട്രോൾ അടിച്ചെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടതോടെ യുവാവ് ഞെട്ടിപ്പോയി. ഒരു കാരണവശാലും 45 ലിറ്ററിൽ കൂടുതലായി സംഭരണശേഷി ഇല്ലാത്ത ടാങ്കിൽ എങ്ങനെയാണ് അതിൽ കൂടുതൽ നിറയ്‌ക്കാൻ സാധിക്കുന്നതെന്ന് ചോദിച്ച് അദ്ദേഹം പമ്പ് ജീവനക്കാരോട് തർക്കിച്ചു.

വാഹനത്തിന്റെ നിർമ്മാണ കമ്പനിയുടെ പ്രതിനിധിയെ പമ്പിലേക്ക് വിളിച്ചുവരുത്തി ടാങ്കിന്റെ സംഭരണശേഷി 45 ലിറ്ററാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ പെട്രോൾ പമ്പ് ജീവനക്കാർക്ക് ഉത്തരമില്ലാതായി. ഇതൊരു ആസൂത്രിത തട്ടിപ്പാണെന്ന് മനസിലായതോടെ യുവാവ് രേഖാമൂലം അധികാരികൾക്ക് പരാതി നൽകുകയായിരുന്നു. പെട്രോൾ പമ്പിലെ മെഷിനുകളിൽ എന്തെങ്കിലും കൃതൃമത്വം നടന്നിട്ടുണ്ടോയെന്നാണ് ജില്ലാ ഭരണകൂടം പ്രധാനമായും അന്വേഷിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, COMPLAINT, PETROLPUMP, SCAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360