ഇന്ത്യയെ പിന്തള്ളി ഈ ഏഷ്യന്‍ രാജ്യം; ആറാം സ്ഥാനത്തിന് പുതിയ അവകാശികള്‍

Wednesday 03 June 2026 12:21 AM IST

ആഗോള അനിശ്ചിതത്വം തിരിച്ചടി

കൊച്ചി: ആഗോള ഓഹരി വിപണികളുടെ റാങ്കിംഗില്‍ ഇന്ത്യയെ പിന്തള്ളി ദക്ഷിണ കൊറിയ ആറാം സ്ഥാനത്തെത്തി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്(എ.ഐ) പ്രാധാന്യമേറുന്നതിനാല്‍ സെമികണ്ടക്ടര്‍ കമ്പനികളുടെ ഓഹരി വിലയിലുണ്ടായ കുതിപ്പാണ് ദക്ഷിണ കൊറിയക്ക് നേട്ടമായത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം നടപ്പുവര്‍ഷം 4.84 ലക്ഷം കോടി ഡോളറായാണ് ഇടിഞ്ഞത്. ഇതോടെ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയെ പിന്തള്ളി തയ്വാനും ദക്ഷിണ കൊറിയയും മുന്നേറി. പശ്ചിമേഷ്യയിലെ യുദ്ധവും രൂപയുടെ മൂല്യത്തകര്‍ച്ചയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് ഇന്ത്യയ്ക്ക് തിരിച്ചടി.

കൊറിയയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം നടപ്പുവര്‍ഷം 86 ശതമാനം വര്‍ദ്ധനയോടെ 5.04 ലക്ഷം കോടി ഡോളറിലെത്തി. സാംസംഗ് ഇലക്ട്രോണിക്സ്, എസ്.കെ ഹൈനിക്സ് തുടങ്ങിയ കമ്പനികളുടെ വിപണി മൂല്യം ഒരു ലക്ഷം കോടി ഡോളര്‍ കവിഞ്ഞതാണ് കൊറിയയ്ക്ക് കരുത്തായത്. നേരത്തെ കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ ഓഹരി വിപണികളെ ദക്ഷിണ കൊറിയ മറികടന്നിരുന്നു. ടെക്‌നോളജി മേഖലയിലെ കമ്പനികളുടെ ഓഹരികളില്‍ ആഗോള നിക്ഷേപകര്‍ക്ക് പ്രിയമേറിയതാണ് തയ്വാനും ദക്ഷിണ കൊറിയയ്ക്കും നേട്ടമായത്.

വിപണി മൂല്യത്തിലെ വമ്പന്‍മാര്‍

രാജ്യം മൂല്യം

യു.എസ്.എ 75 ലക്ഷം കോടി ഡോളര്‍

ചൈന 14.84 ലക്ഷം കോടി ഡോളര്‍

ജപ്പാന്‍ 8.19 ലക്ഷം കോടി ഡോളര്‍

ഹോങ്കോംഗ് 7.49 ലക്ഷം കോടി ഡോളര്‍

തയ്വാന്‍ 5.15 ലക്ഷം കോടി ഡോളര്‍

ദക്ഷിണ കൊറിയ 5.04 ലക്ഷം കോടി ഡോളര്‍

ഇന്ത്യ 4.84 ലക്ഷം കോടി ഡോളര്‍

എമര്‍ജിംഗ് വിപണികളില്‍ ഇന്ത്യ പിന്നില്‍

എമര്‍ജിംഗ്(വികസ്വര) രാജ്യങ്ങളിലെ വിപണികളില്‍ ഒരു വര്‍ഷത്തിനിടെ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യന്‍ ഓഹരികള്‍ കാഴ്ചവെച്ചത്. എ.ഐയുടെ അതിവേഗ വികാസത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപം തയ്വാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ ഓഹരി വിപണിയിലേക്ക് മാറ്റുകയാണ്. പുതിയ സാഹചര്യം ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ വളര്‍ച്ചയെ ബാധിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിഫ്റ്റി 4.3 ശതമാനവും സെന്‍സെക്സ് 7.4 ശതമാനവും ഇടിവ് നേരിട്ടു.