സ്വർണപ്രേമികൾക്ക് സന്തോഷ വാർത്ത; ഇന്നലെ കൂടിയ സ്വർണവില ഇന്ന് കുറഞ്ഞു, നിരക്ക് അറിയാം

Tuesday 26 May 2026 12:23 PM IST

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഇന്നലെ കുതിച്ചുയർന്ന സ്വർണവിലയാണ് ഇന്ന് താഴേയ്ക്ക് ഇടിഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരുപവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,16,520 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 45 രൂപ കുറഞ്ഞ് 14,565 രൂപയായി. സ്വർണ വിലയിൽ താത്കാലികമായി ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില രേഖപ്പെടുത്തിയത് മേയ് അഞ്ചിനായിരുന്നു.1,09,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ അന്നത്തെ വില. മേയ് പതിമൂന്നിന് സ്വർണവിലയിൽ വൻ വർദ്ധനയാണ് ഉണ്ടായത്. ഒരു ദിവസംകൊണ്ട് പതിനായിരത്തോളം രൂപ കൂടിയതിനെ തുടർന്ന് സ്വർണവില പവന് 1,23,120 എന്ന നിരക്കിലെത്തിയിരുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധി നിലനിൽക്കെ,​ രാജ്യത്തെ വ്യാപാര കമ്മി കുറയ്ക്കുന്നതിനും രൂപയെ ശക്തിപ്പെടുത്തുന്നതിനുമായി കേന്ദ്ര സർക്കാർ സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തിയിരുന്നു.

അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും ധാരണയിലേക്ക് നീങ്ങുന്നുവെന്ന പ്രതീക്ഷയിൽ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഇന്നലെ നിലംപൊത്തി. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 6.5 ഡോളർ കുറഞ്ഞ് 97 ഡോളറിലെത്തി. ഡബ്‌ള്യു.ടി.ഐ ക്രൂഡ് വില ആറ് ശതമാനം ഇടിഞ്ഞ് ബാരലിന് 90 ഡോളറായി. ഹോർമുസ് ഇടനാഴി തുറയ്ക്കാൻ സാദ്ധ്യതയേറിയതോടെ നിക്ഷേപകർ ഓഹരി, സ്വർണം എന്നിവയിലേക്ക് പണം മാറ്റി.