
മുംബയ്: ഐപിഎൽ ഈ സീസണിൽ പ്രതീക്ഷിച്ച പോലെ തിളങ്ങാൻ കഴിയാതെ പോയ താരങ്ങളിലൊരാളാണ് മുംബയ് ഇന്ത്യൻസ് താരം ഹാർദിക് പാണ്ഡ്യ. ബാറ്റിംഗിലും ബൗളിംഗിലും നല്ല പ്രകടനം കാഴ്ചവയ്ക്കാൻ ഹാർദ്ദിക്കിന് സാധിച്ചിരുന്നില്ല. ടീമിലെ തന്റെ നിലനിൽപ്പ് പോലും ചോദ്യചിഹ്നമാകുന്ന സാഹചര്യത്തിൽ താരം മുംബയ് വിടുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
രാജസ്ഥാൻ റോയൽസിനെതിരെ നേരിട്ട തോൽവിക്ക് പിന്നാലെ ഹാർദ്ദിക് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. അടുത്ത സീസണിൽ താരം മുംബയ് വിടുമെന്നും ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം ചേരുമെന്നാണ് ആരാധകർ വിലയിരുത്തുന്നത്. ചിലപ്പോൾ രാജസ്ഥാൻ റോയൽസിനൊപ്പം ചേരുമെന്നും അഭ്യൂഹങ്ങളുണ്ട്.
ഹാർദ്ദിക് പങ്കുവച്ച സ്റ്റോറിയിൽ അദ്ദേഹത്തിന്റെ മൊബൈൽ സ്ക്രീനിൽ '07:07' എന്നാണ് സമയം കാണിക്കുന്നത്. ചെന്നൈയുടെ എക്കാലത്തെയും പ്രിയപ്പെട്ട താരം എം.എസ് ധോണിയുടെ ജേഴ്സി നമ്പർ ഏഴാണ്. ഏഴ് എന്ന സംഖ്യ വ്യാഖാനിച്ചാണ് ആരാധകർ ഹാർദ്ദിക് ചെന്നൈയിലേക്ക് കൂടുമാറുകയാണെന്ന ചർച്ച ആരംഭിച്ചത്. ഈ സീസണിൽ ചെന്നൈ സിഇഒ കാശി വിശ്വനാഥുമായി ഹാർദ്ദിക് ഏറെ നേരം സംസാരിച്ചിരുന്നതും ആരാധകരുടെ സംശയത്തിന്റെ ആക്കം വർദ്ധിപ്പിക്കുന്നു.
പങ്കുവച്ച ചിത്രത്തിൽ ഒരു മൊബൈൽ ഫോണും പേനയും ലാപ്ടോപ്പുമാണുളളത്. ചിത്രത്തിലെ പിങ്ക് നിറത്തിന്റെ സാന്നിദ്ധ്യം അദ്ദേഹം രാജസ്ഥാനിലേക്ക് പോകാനുള്ള സാദ്ധ്യതയെയാണ് സൂചിപ്പിക്കുന്നത് എന്ന് വാദിക്കുന്നവരുമുണ്ട്. ഹാർദ്ദിക്കിന്റെ ക്യാപ്റ്റൻസിയിൽ മുംബയ് 14 കളിയിൽ ആകെ നാലെണ്ണം മാത്രമാണ് ജയിച്ചത്. ഇതോടെ സീസണിൽ പ്ലേഓഫ് കാണാതെ മുംബയ് പുറത്തായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |