ഒന്നും രണ്ടുമൊന്നുമല്ല; 114 വിമാനങ്ങള്‍ കൂടി എത്തിക്കാന്‍ ഇന്ത്യ, ശത്രുക്കള്‍ക്ക് 'മുന്നറിയിപ്പ്'

Tuesday 02 June 2026 7:58 PM IST

ന്യൂഡല്‍ഹി: വ്യോമസേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 114 റഫാല്‍ വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഇന്ത്യ. ഇതിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ ഇന്ത്യ ആരംഭിച്ചുവെന്നാണ് വിവരം. വ്യോമസേന മേധാവി അമര്‍പ്രീത് സിംഗ് ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തുകയും പ്രതിരോധ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ഫ്രാന്‍സില്‍ നാല് ദിവസത്തെ സന്ദര്‍ശനമാണ് ഇന്ത്യന്‍ വ്യോമസേന മേധാവി നടത്തിയത്.

പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്, റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ഔദ്യോഗിക നിര്‍ദ്ദേശം ഇന്ത്യ ഫ്രാന്‍സിന് കൈമാറി. ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും വലിയ വാങ്ങല്‍ പ്രക്രിയയുടെ ഭാഗമാണിത്. വിമാനത്തിന്റെ വില, ഉത്പാദന ശേഷി, ലോജിസ്റ്റിക്‌സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയില്‍ ഇന്ത്യ ചില കാര്യങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തങ്ങളുടെ ഭാഗം ഉള്‍പ്പെടുത്തുന്ന വിശദീകരണം ഫ്രാന്‍സ് ജൂലായ് മാസത്തില്‍ നല്‍കുമെന്നാണ് അറിയുന്നത്.

2031ന് ഉള്ളില്‍ കരാര്‍ പൂര്‍ത്തിയാകുന്ന രീതിയിലാണ് കാര്യങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ജൂണ്‍ മദ്ധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സ് സന്ദര്‍ശിച്ചേക്കും. പ്രതിരോധ കരാര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രധാന ചര്‍ച്ചയാകാനാണ് സാദ്ധ്യത. വിമാനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നു എന്നതാണ് ഈ നിര്‍ദ്ദിഷ്ട ഇടപാടിലെ ഏറ്റവും ശ്രദ്ധേയമായ വശം. 114 വിമാനങ്ങളില്‍ 94 എണ്ണവും ഇന്ത്യയിലായിരിക്കും നിര്‍മ്മിക്കുക. ഇതിനായി ദസ്സാള്‍ട്ട് ഏവിയേഷന്‍ ഒരു ഇന്ത്യന്‍ കമ്പനിയുമായി കൈകോര്‍ത്തേക്കാമെന്നും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ബാക്കിയുള്ള വിമാനങ്ങള്‍ ഫ്രാന്‍സില്‍നിന്ന് നേരിട്ട് എത്തിക്കും.