ഇതും ഒരു ഐസിയു; തീവ്രപരിചരണം പ്രകൃതിയുടെ മടിത്തട്ടിൽ
ലണ്ടൻ: നാലു ചുവരുകൾക്കുള്ളിലെ അടച്ചിട്ട മുറികൾക്ക് പകരം പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ ലഭ്യമാക്കിക്കൊണ്ട് ചരിത്രം കുറിച്ചിരിക്കുകയാണ് ലണ്ടനിലെ കിംഗ്സ് കോളേജ് ആശുപത്രി.ലോകത്തിലെ ആദ്യത്തെ റൂഫ്‌ടോപ്പ് തീവ്രപരിചരണ വാര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. സൗത്ത് ലണ്ടനിലെ പ്രമുഖ ആശുപത്രിയായ കിംഗ്സ് കോളേജ് കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് പ്രകൃതിഭംഗി ആസ്വദിക്കാൻ കഴിയുന്ന രീതിയിലുള്ള അത്യാധുനിക തുറന്ന വാര്‍ഡ് സജ്ജീകരിച്ചിരിക്കുന്നത്. 2012 ലണ്ടന്‍ ഒളിമ്പിക്‌സ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്ത പ്രശസ്ത ഗാര്‍ഡന്‍ ഡിസൈനര്‍മാരാണ് പുല്‍മേട്ടിലെ വാര്‍ഡ് എന്ന ആശയത്തില്‍ ഇത് ഒരുക്കിയത്.
കിംഗ്സ് കോളേജ് ഹോസ്പിറ്റല്‍ ചാരിറ്റിയിലൂടെ സമാഹരിച്ച 22 കോടിയിലധികം രൂപ ചെലവഴിച്ചാണ് ആറു ബെഡുകളുള്ള ഈ വാര്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്. രോഗികളുടെ കിടക്കകള്‍ക്ക് സമീപമുള്ള പ്രത്യേക വാട്ടര്‍പ്രൂഫ് ക്യാബിനറ്റുകളിലാണ് ഓക്‌സിജന്‍ സപ്ലൈയും വൈദ്യുതിയും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സജ്ജീകരിച്ചിരിക്കുന്നത്. മുല്ല, ലാവെന്‍ഡര്‍ തുടങ്ങിയ സുഗന്ധമുള്ള ചെടികളും പുല്ലുകളും രോഗികള്‍ക്ക് കിടക്കയില്‍ നിന്ന് തന്നെ തൊട്ടറിയാന്‍ സാധിക്കുന്ന രീതിയിലാണ് ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നത്.
ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ തന്നെ പുറത്തെ ശുദ്ധവായുവും സൂര്യപ്രകാശവും ഏല്‍ക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. രണ്ട് മാസത്തിലേറെയായി ഈ ആശുപത്രിയിലെ ഐസിയുവില്‍ കഴിഞ്ഞിരുന്ന ഇരുപത്തിയൊമ്പതുകാരിയായ ഹോളി അലന്‍ ആണ് ഈ ഓപ്പണ്‍ എയര്‍ വാര്‍ഡിലെത്തിയ ആദ്യ രോഗി.
ആശുപത്രിക്ക് പുറത്തെ ലോകം എങ്ങനെയുണ്ടെന്ന് താന്‍ പൂര്‍ണ്ണമായും മറന്നുപോയിരുന്നുവെന്നും ഇത്രയും മനോഹരമായ അന്തരീക്ഷത്തിലേക്ക് വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഹോളി പ്രതികരിച്ചു. വെന്റിലേറ്റർ മാറ്റാതെ തന്നെ രോഗികളെ കിടക്കയോടെ ലിഫ്റ്റില്‍ ഈ റൂഫ്‌ടോപ്പിലേക്ക് എത്തിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം.
ദിവസങ്ങളോളം ഐസിയുവില്‍ കഴിയേണ്ടിവരുമ്പോൾ രോഗികള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള 'ഐസിയു ഡെലീരിയം' (മാനസിക വിഭ്രാന്തിയും ആശയക്കുഴപ്പവും) കുറയ്ക്കാന്‍ ശുദ്ധവായുവും പ്രകൃതിയോടുള്ള സമ്പര്‍ക്കവും സഹായിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. റൂഫ്‌ടോപ്പ് വാര്‍ഡിലെ കാറ്റും വെളിച്ചവും രോഗികളുടെ ശ്വസനരീതിയിലും രക്തസമ്മര്‍ദ്ദത്തിലും ഉണ്ടാക്കുന്ന നല്ല മാറ്റങ്ങള്‍ ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണ്. പ്രകൃതിയുമായി ഇണങ്ങിച്ചേരുന്നത് രോഗികളുടെ ശാരീരികമാനസിക ആരോഗ്യത്തെ വലിയ രീതിയില്‍ ഉത്തേജിപ്പിക്കുമെന്ന് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഡോ.ഫില്‍ ഹോപ്കിന്‍സ് പറഞ്ഞു.