സ്വർണം വാങ്ങരുതെന്നും വർക്ക് ഫ്രം ഹോം വേണമെന്നും മോദി; പ്രഖ്യാപിച്ചത് ആരും പ്രതീക്ഷിക്കാത്ത വലിയൊരു ലക്ഷ്യം മുന്നിൽക്കണ്ട്, അറിയാം ചില കാര്യങ്ങൾ

Monday 11 May 2026 12:23 PM IST

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ നിർദേശങ്ങൾ കഴിഞ്ഞ ദിവസമാണ് മുന്നോട്ടുവച്ചത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഓരോ പൗരനും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. അതിർത്തിയിൽ ജീവൻ ബലികഴിക്കുന്നത് മാത്രമല്ല, ദൈനംദിന ജീവിതത്തിൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നതും രാജ്യസ്നേഹമാണെന്ന് അദ്ദേഹം പറഞ്ഞു

എന്തൊക്കെയായാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ച നിർദേശങ്ങൾ? എന്തുകൊണ്ടാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്? ഇതെങ്ങനെ പൊതുജനങ്ങളെ ബാധിക്കും? വിശദമായി പരിശോധിക്കാം.

പുതിയ മാർഗനിർദേശങ്ങൾ ഇതൊക്കെയാണ്

  • പെട്രോൾ, ഡീസൽ ഉപഭോഗം കുറയ്ക്കുന്നതിനായി പൊതുഗതാഗതം (മെട്രോ), കാർ പൂളിംഗ്, ചരക്ക് നീക്കത്തിന് റെയിൽവെ എന്നിവ ഉപയോഗിക്കണം
  • ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കണം
  • കൊവിഡ് കാലത്ത് നടപ്പിലാക്കിയ വർക്ക് ഫ്രം ഹോം, ഓൺലൈൻ മീറ്റിംഗുകൾ, വെർച്വൽ കോൺഫറൻസുകൾ എന്നിവ പുനഃരാരംഭിക്കണം.
  • രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി വിദേശ യാത്രകൾ പരമാവധി ഒഴിവാക്കണം
  • അടുത്ത ഒരുവർഷത്തേക്ക് വിവാഹങ്ങൾക്കും മറ്റും സ്വർണം വാങ്ങുന്നത് ഒഴിവാക്കണം
  • സ്വദേശി ഉൽപന്നങ്ങൾക്കും ആഭ്യന്തര വിനോദസഞ്ചാരത്തിനും മുൻഗണന നൽകണം
  • രാസവളങ്ങളുടെ ഉപയോഗം 50% കുറയ്ക്കണം., ഡീസൽ പമ്പുകൾക്ക് പകരം കർഷകർ സോളാർ പമ്പുകൾ ഉപയോഗിക്കണം.
  • ഭക്ഷ്യ എണ്ണയുടെ ഉപഭോഗം കുറയ്ക്കാനും, അമിതവണ്ണത്തിനെതിരെ ശ്രദ്ധ ചെലുത്താനും നിർദേശിച്ചു.

നിയന്ത്രണത്തിനുള്ള കാരണങ്ങൾ,​

ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്നതും വിദേശനാണ്യ ശേഖരത്തിൽ ഉണ്ടാകുന്ന കുറവുമാണ് പ്രധാനമന്ത്രിയുടെ നിർദേശങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങൾ. ഇന്ത്യ സ്വർണവും ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്നത് അമേരിക്കൻ ഡോളർ നൽകിയാണ്. സ്വർണം വാങ്ങുന്നത് കൂടുമ്പോൾ രാജ്യത്തെ ഡോളർ ശേഖരം വൻതോതിൽ കുറയും. ഇത് ഇന്ത്യൻ രൂപയുടെ മൂല്യത്തെ ബാധിക്കും. 2026 സാമ്പത്തിക വർഷത്തിൽ പ്രതിമാസം ശരാശരി 60 ടൺ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇതിനായി ഏകദേശം 600 കോടി ഡോളറാണ് രാജ്യം ചെലവിടുന്നത്. സ്വർണം വാങ്ങുന്നത് നിയന്ത്രിച്ചാൽ രൂപയുടെ മൂല്യം ഇടിയുന്നത് തടയാൻ സാധിക്കും.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ തടസങ്ങളും കാരണം ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 70 ഡോളറിൽ നിന്ന് 126 ഡോളറിലേക്ക് കുതിച്ചുയർന്നത് ഇന്ത്യയെ പ്രതിസന്ധിയിലാക്കി. ഈ പശ്ചാത്തലത്തിലാണ് ഇന്ധന ഉപയോഗം കുറയ്ക്കാൻ നിർദേശിക്കുന്നത്. ഭക്ഷ്യ എണ്ണയുടെയും രാസവളങ്ങളുടെയും ഉപയോഗം നിയന്ത്രിക്കുന്നതിലൂടെ ഇറക്കുമതി ചെലവ് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

എണ്ണ, സ്വർണം എന്നിവയുടെ ഉയർന്ന ഇറക്കുമതിചെലവ് കാരണം കഴിഞ്ഞ 10 ആഴ്ചയ്ക്കുള്ളിൽ ഏകദേശം ഒരു ലക്ഷം കോടി രൂപ രാജ്യത്തിന് പുറത്തേക്ക് പോയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ധനത്തിന്റെ ആവശ്യം കുറയ്ക്കുന്നത് ഇറക്കുമതിയുടെ മേലുള്ള സമ്മർദം കുറയ്ക്കുമെന്നും ഭാവിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ ഇത് സഹായിക്കുമെന്നുമാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ.

ഇതെങ്ങനെ പൊതുജനങ്ങളെ ബാധിക്കും?

  • ഇറക്കുമതി നിയന്ത്രിച്ചാൽ വിദേശ ഉൽപ്പന്നങ്ങളുടെ വില കൂടാൻ സാധ്യതയുണ്ട് — പ്രത്യേകിച്ച് ഇലക്ട്രോണിക്സ്, വാഹന ഭാഗങ്ങൾ, ചില ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ.
  • എണ്ണ വില ഉയരുന്നത് കാരണം ചരക്ക് ഗതാഗതചെലവ് കൂടുകയും അതിലൂടെ സാധനങ്ങളുടെ വില വർദ്ധിക്കുകയും ചെയ്യാം.
  • വർക്ക് ഫ്രം ഹോം സംവിധാനം നിലവിൽ വന്നാൽ ഹോട്ടൽ, ടാക്സി, ട്രാവൽ മേഖലകളിൽ വരുമാന കുറവ് ഉണ്ടാകാം
  • സർക്കാർ സാമ്പത്തിക നിയന്ത്രണങ്ങൾ ശക്തമാക്കിയാൽ ചില ക്ഷേമപദ്ധതികളിലെ ചെലവുകൾ നിയന്ത്രിക്കപ്പെടാനോ നികുതി ശേഖരണം ശക്തമാകാനോ സാദ്ധ്യതയുണ്ട്.
  • ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതിനാൽ എണ്ണ വിപണന കമ്പനികൾ വൻതോതിലുള്ള നഷ്ടം നേരിടുന്നുണ്ട്. മേയ് 15ന് മുമ്പ് പെട്രോൾ, ഡീസൽ വിലകൾ വർദ്ധിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.