ഇറാൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം രാജ്യം വിടണം,​ ആക്രമണത്തിന് പിന്നാലെ കടുത്ത നടപടിയുമായി കുവൈറ്റ്

Wednesday 03 June 2026 9:45 PM IST

കുവൈറ്റ് സിറ്റി: വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ കടുത്ത നടപടിയുമായി കുവൈറ്റ്. കുവൈറ്റിലുള്ള ഇറാൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. അതേസമയം ഇറാൻ ആക്രമണത്തെ തുടർന്ന് താത്കാലികമായി അടച്ച കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചു. വരുംമണിക്കൂറുകളിൽ വിമാനത്താവളം പൂർണ സജ്ജമാകുമെന്നും സർവീസുകൾ സാധാരണ നിലയിലാകുമെന്നും കുവൈറ്റ് എയർവേയ്സ് അറിയിച്ചു. യാത്രക്കാർക്ക് അവരുടെ വിമാനങ്ങളുടെ പുതുക്കിയ സമയക്രമം സംബന്ധിച്ച വിവരങ്ങൾ നേരിട്ട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാർക്കുള്ള കെട്ടിടമായ ടെർമിനൽ 1നു നേരെയാണ് ഇറാന്റെ ആക്രമണമുണ്ടായത്. ഡ്രോണ്‍ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ പാസഞ്ചർ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽഒതൈബി വ്യക്തമാക്കിയിരുന്നു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ഖേഷം ദ്വീപിന് നേരെ കഴിഞ്ഞ ദിവസം അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ കുവൈറ്റിലെയും ബഹ്‌റൈനിലെയും അമേരിക്കയുടെ സൈനിക താവളങ്ങൾ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ വിജയകരമായി തടഞ്ഞെന്ന് പറഞ്ഞ അമേരിക്ക ഇറാന്റെ അവകാശവാദം തള്ളി. ഇതിന് പിന്നാലെയാണ് കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആക്രമണമുണ്ടായത്.