SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.19 PM IST

ടെസ്‌റ്റ്‌ ക്രിക്കറ്റിന് പ്രാധാന്യം നൽകണം, അടുത്ത വർഷത്തെ ഐപിഎല്ലിന് ഉണ്ടാകില്ലെന്ന് ഇപ്പോഴേ വ്യക്തമാക്കി സൺ റൈസേഴ്‌സ് സൂപ്പർതാരം

srh-player

ഹൈദരാബാദ്: റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു വിജയികളായ 2026 ഐപിഎൽ സീസണിൽ പ്ളേയോഫ് വരെയെത്തിയ ടീമാണ് സൺ റൈസേഴ്‌സ് ഹൈദരാബാദ്. പ്ളേയോഫിൽ രാജസ്ഥാൻ റോയൽസിനോട് തോറ്റാണ് അവർ പുറത്തായത്. മികച്ച ഫോമിൽ കളിച്ച സൺ റൈസേഴ്‌സിനെ ഇത്തവണ നയിച്ചത് ഓസ്‌ട്രേലിയൻ പേസ് ബൗളർ പാറ്റ് കമ്മിൻസ് ആണ്. ഇപ്പോഴിതാ അടുത്ത സീസണിൽ തന്റെ സാന്നിദ്ധ്യമുണ്ടാകില്ലെന്ന് ഇപ്പോഴേ വ്യക്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ കൂടിയായ കമ്മിൻസ്.

നിരവധി ടെസ്‌റ്റ് മത്സരങ്ങളും ഏകദിന ലോകകപ്പും കാരണമാണ് തനിക്ക് ഐപിഎൽ 2027 സീസണിൽ പങ്കെടുക്കാനാകാത്തതെന്നാണ് കമ്മിൻസ് വ്യക്തമാക്കുന്നത്. ഓസ്ട്രേലിയൻ ടീമിന്റെ നായകൻ എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് അദ്ദേഹത്തിന് അടുത്ത വർഷം നിറവേറ്റാനുള്ളത്. ഐപിഎല്ലിൽ 2014 മുതൽ സൺ റൈസേഴ്‌സിന് വേണ്ടി കളിക്കുന്ന 33കാരനായ കമ്മിൻസിന് നായകസ്ഥാനത്ത് വർഷം 1.9 മില്യൺ ഡോളർ ലഭിക്കുന്നുണ്ട്.

അടുത്തവർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇന്ത്യയുമായി നാല് ടെസ്‌റ്റ് മത്സരങ്ങൾ ഓസ്‌ട്രേലിയ കളിക്കുന്നുണ്ട്. മാർച്ച് മാസത്തിൽ മെൽബണിൽ ഇംഗ്ളണ്ടുമായി 150-ാമത് വാർഷിക ടെസ്റ്റ് മത്സരം ഉണ്ടാകും. പിന്നീട് ആഷസ് പരമ്പരയും പിന്നാലെ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഏകദിന ലോകകപ്പിലും ഓസീസ് നായകന് പങ്കെടുക്കേണ്ടതുണ്ട്. 2027 ഒക്‌ടോബർ‌, നവംബർ മാസങ്ങളിലാണ് ഏകദിന ലോകകപ്പ്. തനിക്ക് ചില പരിക്കുകളുടെ ഭീഷണിയുണ്ടെന്നും അതിനാൽ പ്രശ്‌നങ്ങളിൽ പെടാൻ ആഗ്രഹിക്കുന്നില്ലെന്നും ഓസ്‌ട്രേലിയൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കമ്മിൻസ് പറഞ്ഞു.

'ടെസ്റ്റ് മത്സരങ്ങളും ഏകദിന ലോകകപ്പുമാണ് എനിക്ക് എപ്പോഴും മുൻഗണന. ഇന്ത്യയിൽ ഞാൻ മത്സരങ്ങൾ മുഴുവൻ കളിക്കുകയാണെങ്കിൽ അതികഠിനമായ‌ ആഷസിന് മുൻപ് എനിക്ക് ഒരിടവേള ആവശ്യമാണെന്ന് കരുതുന്നു.' കമ്മിൻസ് പറഞ്ഞു. കഴിഞ്ഞ ആഷസ് ടെസ്റ്റ് പരമ്പരയ്‌ക്ക് ശേഷം ട്വന്റി 20 ലോകകപ്പ് അദ്ദേഹം പരിക്കിനെ തുടർന്ന് കളിച്ചിരുന്നില്ല. ടീമിലെ മറ്റ് പ്രധാന പേസ് ബൗളർമാരായ ജോഷ് ഹേസൽവുഡിനും മിച്ച് സ്റ്റാർക്കിനും ജനുവരിയിൽ നടക്കുന്ന ന്യൂസിലാൻഡ് പര്യടനത്തിൽ വിശ്രമം നൽകിയേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SRH, AUSTRALIAN, NATIONAL DUTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360