പ്രവാസികൾക്ക് നല്ലൊരു തുക ഇനിമുതൽ ലാഭിക്കാം; 70 ശതമാനംവരെ വിലക്കുറവിൽ ആഹാരം വാങ്ങാൻ ആപ്പ് പുറത്തിറങ്ങി

Saturday 30 May 2026 1:11 PM IST

അബുദാബി: ആഹാരകാര്യത്തിൽ യുഎഇയിലെ പ്രവാസികൾക്കിനി ആശ്വസിക്കാം. 70 ശതമാനംവരെ ഡിസ്‌കൗണ്ടിൽ ഭക്ഷണം വാങ്ങാൻ അവസരമൊരുക്കി യുഎഇയിൽ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഇതോടെ നല്ലൊരു തുക പ്രവാസികൾക്ക് മിച്ചം പിടിക്കാനും സേവിംഗ്‌സ് ആയി മാറ്റാനും സാധിക്കും.

ദുബായിലെ ഹസൻ, ഒമൈർ എന്നീ സഹോദരന്മാർ ചേർന്ന് രൂപപ്പെടുത്തിയ 'പീക്കാബോക്‌‌സ്' എന്ന ആപ്പാണ് ഭക്ഷണത്തിന് വൻ ഡിക്‌‌കൗണ്ട് നൽകുന്നത്. ആപ്പിലൂടെ ഔട്ട്‌ലെറ്റുകളിലെ ഭക്ഷണം കരുതി വച്ചതിനുശേഷം അതേദിവസംതന്നെ നേരിട്ടെത്തി വാങ്ങാം. പലചരക്ക് സാധനങ്ങൾക്ക് 15 ദിർഹമും ബേക്കറികൾ, കോഫി ഷോപ്പുകൾ, സുഷി ഔട്ട്‌ലെറ്റുകൾ തുടങ്ങിയയിടങ്ങളിൽ നിന്നുള്ള ഭക്ഷണത്തിന് 30 ദിർഹവുമാണ് വില. 40ലധികം ബ്രാൻഡുകളിലായി 1000ത്തിലധികം സ്റ്റോറുകളാണ് ആപ്പുമായി സഹകരിക്കുന്നത്.

പീക്കാബോക്സിൽ വിൽക്കുന്ന എല്ലാ ഇനങ്ങളും രാവിലെ പുതുതായി തയ്യാറാക്കുന്നവയാണെന്നും കാലാവധി കഴിയാത്തതാണെന്ന് ഉറപ്പാക്കുന്നവയാണെന്നും പീക്കാബോക്‌സ് സിഇഒ ഹസൻ സർവാർ പറഞ്ഞു. ഒരു വ്യവസ്ഥകളും ആപ്പ് മുന്നോട്ടുവയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉപയോക്താക്കൾ ആപ്പ് വഴി ഭക്ഷണം റിസർവ് ചെയ്ത് പണമടയ്ക്കണം. തുടർന്ന് പിക്കപ്പ് വിൻഡോ സമയത്ത് സ്റ്റോറിൽ നിന്ന് ബോക്സ് നേരിട്ടെത്തി വാങ്ങണം. ഉപഭോക്താക്കൾ വ്യക്തിഗത ഇനങ്ങൾ തിരഞ്ഞെടുക്കുകയല്ല ചെയ്യുന്നത്. മറിച്ച് ദിവസാവസാനം വിൽക്കപ്പെടാതെ അവശേഷിക്കുന്ന ഭക്ഷണം ചില്ലറ വ്യാപാരികൾ വിൽക്കുകയാണ് ചെയ്യുന്നത്. ഈ ഭക്ഷണമാണ് ഉപഭോക്താക്കൾക്ക് വാങ്ങാൻ സാധിക്കുന്നത്.