SignIn
Kerala Kaumudi Online
Friday, 29 May 2026 9.26 PM IST

'സെലക്‌ടർമാരുടെ ജോലി രോഹിത്തിനെയും കൊഹ്‌ലിയെയും ടീമിലെടുക്കുകയല്ല', വിമർശനവുമായി മഞ്ജരേക്കർ

rohit

മുംബയ്: ജൂൺ മാസത്തിൽ അഫ്‌ഗാനിസ്ഥാനുമായി ഇന്ത്യ മൂന്ന് ഏകദിന പരമ്പര കളിക്കുന്നുണ്ട്. ഒരു ടെസ്റ്റ് മത്സരത്തിന് ശേഷമാകും ഏകദിന പരമ്പര നടക്കുക. ഏകദിന പരമ്പരയിൽ യുവതാരം യശസ്വി ജെയ്‌സ്വാളിന് പകരം രോഹിത്ത് ശർമ്മയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിസിസിഐയുടെ ഈ തീരുമാനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി രോഹിത്തിനെ തിരഞ്ഞെടുത്തതിൽ മഞ്ജരേക്കർ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. ഏകദിന ഫോർമാറ്റിൽ മാത്രം കളിക്കുന്ന രോഹിത്തിന്റെ ക്രിക്കറ്റ് ഗ്രൗണ്ടിലെ നാളുകൾ കഴിയാറായെന്നാണ് മഞ്ജരേക്കർ വിശ്വസിക്കുന്നത്. രോഹിത്തിന് ഏകദിനത്തിൽ കളിക്കാനുള്ള ഫോമോ ഫിറ്റ്നസോ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

2027 ഏകദിന ലോകകപ്പിനുള്ള ടീമിൽ സ്ഥാനം അർഹിക്കുന്ന ജയ്‌സ്വാളിനെ മാറ്റിയെന്നത് മാത്രമല്ല സായ് സുദർശനെ പരിഗണിക്കാത്തതും കടുപ്പമേറിയ തീരുമാനമായിപ്പോയി എന്ന് മഞ്ജരേക്കർ പറയുന്നു. 'സായ് സുദർശൻ കഴിഞ്ഞ നാല് ഏകദിന ഇന്നിംഗ്‌സുകളിൽ മൂന്ന് അർദ്ധ സെഞ്ച്വറികൾ നേടി. ജയ്‌സ്വാളാകട്ടെ പുറത്താകാതെ 116 റൺസാണ് അവസാന മത്സരത്തിൽ നേടിയത്. എന്നിട്ടും ഇവർ ഇന്ത്യയ്‌ക്കുവേണ്ടി കളിക്കുന്നില്ല. പകരം ഒരു മുതിർന്ന താരത്തെ സെലക്‌ടർമാർ തിരഞ്ഞെടുത്തു. അയാളുടെ ഫോമും ഫിറ്റ്നസും ചോദ്യചിഹ്നമാണ്. ഇതിന് പിന്നിലുള്ള ലോജിക് എന്താണ്? ഇവരുടെ കാഴ്‌ചപ്പാട് എന്താണ്?' മഞ്ജരേക്കർ വിമർശിച്ചു.

'എന്തെങ്കിലും കാരണവശാൽ സെലക്‌ടർമാർ ഒരു വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറാകേണ്ടി വന്നാൽ അവർ ആദ്യം ജയ്‌സ്വാളിനെ വിളിച്ച് ക്ഷമ പറയണം. ടെസ്റ്റ് ക്രിക്കറ്റിന്റെ ഏറ്റവും കഠിനമായ തലത്തിൽ മികച്ച പ്രകടനം കാഴ്‌ചവച്ച ഒരു ചെറുപ്പക്കാരനാണ് അദ്ദേഹം. 24 വയസ് മാത്രമാണ് പ്രായം. ജീവിതത്തിലെ ഏറ്റവും മികച്ച സമയത്താണ് അദ്ദേഹമുള്ളത്. ശോഭനമായൊരു ഭാവി അദ്ദേഹത്തിനുണ്ട്. സായ് സുദർശന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ഗിൽ, സുദർശൻ, ജയ്‌സ്വാൾ എന്നിവർ ഏകദിനത്തിൽ ഇന്ത്യയുടെ മികച്ച മൂന്ന് താരങ്ങളാകാൻ തയ്യാറെടുക്കുന്നവരാണ്.'- മഞ്ജരേക്കർ പറഞ്ഞു. കൊഹ്‌ലി മികച്ച ഫോമിലാണെങ്കിലും സെലക്‌ടർമാരുടെ ജോലി എപ്പോഴും രോഹിത്തിനെയും കൊഹ്‌ലിയെയും ടീമിലെടുക്കുകയല്ലെന്ന് മ‌ഞ്ജരേക്കർ ഓർമ്മിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SANJAY MANJAREKAR, ONEDAY, ROHIT SHARMA, SAI SUDARSHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360