20 മിനിറ്റ് യാത്രയ്ക്ക് ഇന്ന് 3.5 മണിക്കൂർ! ബംഗളൂരു ട്രാഫിക് നരകം തുറന്നുകാട്ടി ബൈക്ക് യാത്രികൻ
ബംഗളൂരു: ഐടി നഗരമായ ബംഗളൂരുവിലെ ട്രാഫിക് യാത്രാദുരിതം വീണ്ടും ചർച്ചയാകുന്നു. ഐടി ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. വിദ്യാരാണ്യപുരയിൽ നിന്നും വൈറ്റ്‌ഫീൽഡിലെ ജോലിസ്ഥലത്തേക്ക് നിത്യേന യാത്ര ചെയ്യുന്ന യുവാവാണ് നഗരത്തിലെ മാറിയ ഗതാഗത സാഹചര്യങ്ങളെക്കുറിച്ച് ആശങ്ക പങ്കുവച്ച രംഗത്തെത്തിയത്.
മുൻപ് കാറിലായിരുന്ന യാത്ര ട്രാഫിക് കുരുക്ക് ഒഴിവാക്കാനാണ് ബൈക്കിലേക്ക് മാറ്റിയതെന്നും എന്നാൽ വാഹനം മാറ്റിയിട്ടും അവസ്ഥയിൽ മാറ്റമില്ലെന്നും യുവാവ് സോഷ്യൽ മീഡിയയിൽ കുറിച്ചു. എന്നാൽ ബൈക്കിലേയ്ക്ക് മാറിയപ്പോൾ കടുത്ത പൊടിയും പുകപടലങ്ങളും ശ്വസിച്ച് മണിക്കൂറുകളോളം ഗതാഗത കുരുക്കിൽ കിടക്കേണ്ടിവരുന്നത് ജീവനക്കാരുടെ മാനസിക,ശാരീരിക ആരോഗ്യത്തെ ബാധിക്കുമെന്നും അദ്ദേഹം പോസ്റ്റിൽ ചൂണ്ടികാട്ടുന്നുണ്ട്.
ഒരുകാലത്ത് വെറും 20 മിനിറ്റ് മാത്രം ആവശ്യമായിരുന്ന യാത്രയ്ക്ക് ഇന്ന് 3.5 മണിക്കൂറിലധികം സമയം റോഡിൽ ചിലവഴിക്കേണ്ടി വരുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തുടരുന്ന മെട്രോ നിർമ്മാണം, ഫ്ലൈഓവർ, റോഡ് പണി എന്നിവ വിദ്യാരണ്യപുര മുതൽ വൈറ്റ്‌ഫീൽഡ് വരെയുള്ള യാത്ര നരകതുല്യമാക്കിയെന്നും യുവാവ് പോസ്റ്റിൽ വ്യക്തമാക്കി.
ബംഗളൂരുവിലെ ലക്ഷക്കണക്കിന് ഐടി പ്രൊഫഷണലുകളുടെ നിത്യേനയുള്ള ദുരിത ജീവിതത്തിന്റെ നേർക്കാഴ്ചയാണ് യുവാവിന്റെ പോസ്റ്റിലൂടെ വീണ്ടും ചർച്ചയായിരിക്കുന്നത്. റോഡുകൾ മാറിമാറി പൊളിച്ചിടുന്നതിന് പകരം കൃത്യമായ ആസൂത്രണത്തോടെ സമയബന്ധിതമായി നിർമ്മാണങ്ങൾ പൂർത്തിയാക്കാൻ സർക്കാർ തയ്യാറാകാത്ത പക്ഷം ബംഗളൂരു നഗരത്തിലെ ഗതാഗതകുരുക്ക് തുടരുമെന്ന ആശങ്കയിലാണ് യാത്രക്കാർ.