നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിൽ അഴിച്ചുപണി; നാല് സംസ്ഥാനങ്ങൾക്ക് പുതിയ അദ്ധ്യക്ഷൻ

Thursday 28 May 2026 2:32 PM IST

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് നാല് സംസ്ഥാനങ്ങളിൽ ബിജെപിക്ക് പുതിയ അദ്ധ്യക്ഷന്മാരെ നിയമിച്ചു. ഡൽഹിയിൽ കേന്ദ്രമന്ത്രി ഹർഷ് മൽഹോത്രയാണ് പുതിയ അദ്ധ്യക്ഷൻ. ഹരിയാനയിൽ അർച്ചന ഗുപ്തയെയും പഞ്ചാബിൽ കേവൽ സിംഗ് ദില്ലനെയും ത്രിപുരയിൽ അഭിഷേക് ദെബ്രോയിയെയും പുതിയ അദ്ധ്യക്ഷന്മാരായി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.

വീരേന്ദ്ര സച്ച്‌ദേവയ്ക്ക് പകരക്കാരനായാണ് ഹർഷ് മൽഹോത്ര നിയമിതനായത്. ശക്തമായ സംഘടനാ കഴിവുകളും ഡൽഹി രാഷ്ട്രീയത്തിലെ വിപുലമായ പരിചയവും കൊണ്ട് ബിജെപിയിൽ വലിയ സ്വാധീനമുള്ളയാളാണ് അദ്ദേഹം. നിലവിൽ കേന്ദ്ര കോർപ്പറേറ്റ് കാര്യ സഹമന്ത്രിയായും റോഡ് ഗതാഗത, ഹൈവേ മന്ത്രിയായും സേവനമനുഷ്ഠിക്കുന്നു. ലോക്സഭയിൽ ഈസ്റ്റ് ഡൽഹി മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.

2024ലെ പൊതുതിരഞ്ഞെടുപ്പിൽ മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന് പകരം മൽഹോത്രയെ ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ നിന്ന് നാമനിർദ്ദേശം ചെയ്യുകയായിരുന്നു. ഇന്ത്യ സഖ്യത്തിന്റെ നോമിനിയായ കുൽദീപ് കുമാറിനെ പരാജയപ്പെടുത്തിയാണ് വിജയം നേടിയത്.