വിവാഹത്തിന് ദിവസങ്ങൾ മാത്രം, വധുവിന്റെ അമ്മ വരനൊപ്പം ഒളിച്ചോടി; പോയത് ആഭരണങ്ങളും പണവും കൊണ്ട്

Wednesday 09 April 2025 9:45 AM IST

ലക്‌നൗ: വധുവിന്റെ അമ്മയ്‌ക്കൊപ്പം വരൻ ഒളിച്ചോടി. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. വിവാഹം നടക്കാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ ബാക്കി നിൽക്കെയാണ് അമ്മായിയമ്മയുടെയും ഭാവി മരുമകന്റെയും ഒളിച്ചോട്ടം.

യുവാവും ഭാവി അമ്മായിയമ്മയുമായി ഇഷ്ടത്തിലായിരുന്നുവെന്നും ഇക്കാര്യം ആർക്കും അറിയില്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. വെറും കൈയോടെയായിരുന്നില്ല ഒളിച്ചോട്ടം. വധുവിന്റെ ആഭരണങ്ങളും വിവാഹത്തിനായി സൂക്ഷിച്ചുവച്ചിരുന്ന പണവും അമ്മ കൊണ്ടുപോയി.

ഈ സ്ത്രീ മുൻകൈയെടുത്താണ് കാമുകനായ യുവാവിന്റെയും മകളുടെയും വിവാഹം ഉറപ്പിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. വിവാഹ ഒരുക്കങ്ങൾക്കെന്ന വ്യാജേന ഇയാൾ ഇടയ്ക്കിടെ വീട്ടിൽ വരുമായിരുന്നു. എന്നാൽ ആർക്കും സംശയങ്ങളൊന്നുമില്ലായിരുന്നു.

വീട്ടുകാർ അറിയാതെ, യുവാവും ഭാവി അമ്മായിയമ്മയും തമ്മിലുള്ള പ്രണയം വളർന്നു. വരൻ തന്റെ ഭാവി അമ്മായിയമ്മയ്ക്ക് ഒരു മൊബൈൽ ഫോൺ സമ്മാനമായി നൽകിയിരുന്നു. എന്നാൽ അമ്മ മകൻ സ്‌നേഹമെന്നതിലുപരി ആരും അത് ഗൗരവത്തിലെടുത്തില്ല.

ഈ മാസം പതിനാറിനായിരുന്നു യുവാവിന്റെയും ഈ സ്ത്രീയുടെ മകളുടെയും വിവാഹം നടക്കേണ്ടിയിരുന്നത്. ആളുകളെയെല്ലാം ക്ഷണിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഷോപ്പിംഗിനെന്ന് പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നുമില്ലാതായി. ഫോണിൽ ബന്ധപ്പെടാനും പറ്റിയില്ല.

സംശയം തോന്നി പെൺകുട്ടിയുടെ അച്ഛൻ അലമാര പരിശോധിച്ചപ്പോഴാണ് സ്വർണവും പണവും നഷ്ടമായതായി കണ്ടെത്തിയത്. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.