വിദ്യാർത്ഥികൾക്ക് ആശ്വാസം; പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള പോർട്ടൽ തുറന്നു
ന്യൂഡൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ളാസ് ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള പോർട്ടൽ വീണ്ടും പ്രവർത്തനക്ഷമമായി. ഇന്നുമുതൽ ജൂൺ ആറ് അർദ്ധരാത്രിവരെ അപേക്ഷ നൽകാം. ഒരു ചോദ്യത്തിന് 25 രൂപ വീതമാണ് ഫീസ്. https://postresult.cbseit.in/pvr/ എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്. ഇതുസംബന്ധിച്ച വിവരങ്ങൾ സിബിഎസ്‌ഇയുടെ https://www.cbse.gov.in/cbsenew/cbse.html എന്ന പോർട്ടലിൽ ലഭ്യമാണ്.
കഴിഞ്ഞ മാസം 19 മുതൽ അടിക്കടി തടസം നേരിട്ട പോർട്ടൽ ഇന്നലെ മുതൽ പൂർണസജ്ജമാവുമെന്നാണ് ഉറപ്പ് നൽകിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പുനർമൂല്യനിർണയത്തിനുള്ള ഓപ്ഷൻ ലഭ്യമായിരുന്നില്ലെങ്കിലും പാേർട്ടലിൽ പ്രവേശിക്കാൻ കഴിയുമായിരുന്നു. ഇന്നലെ അതിനുപോലും സാദ്ധ്യമായിരുന്നില്ല.
മൂല്യനിർണയത്തിലെ പേപ്പർ സ്കാനിംഗിൽ വൻ വീഴ്ച സംഭവിച്ചതോടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അർഹിക്കുന്ന മാർക്ക് ലഭിച്ചിരുന്നില്ല. പുനർമൂല്യനിർണയം നടത്താനുള്ള അപേക്ഷ നൽകാൻപോലും കഴിയാത്ത അവസ്ഥയിൽ ആശങ്കയിലായിരുന്നു വിദ്യാർത്ഥികൾ.
ഐ.ഐ.ടി, സൈബർ വിദഗ്‌ദ്ധരുടെ സഹായത്തോടെ പോരായ്മകൾ പരിഹരിച്ച് അപേക്ഷാ പോർട്ടൽ പൂർണസജ്ജമാക്കിയെന്നാണ് സി.ബി.എസ്.ഇയും കേന്ദ്രസർക്കാരും അവകാശപ്പെട്ടിരുന്നത്. ഇന്നലെ രാവിലെ മുതൽ പ്രവർത്തിക്കുമെന്ന് പറഞ്ഞ പോർട്ടൽ നിശ്ചലമായിരുന്നു. ഉത്തരക്കടലാസുകളുടെ ഓൺസ്‌ക്രീൻ മാർക്കിംഗ് (ഒ.എസ്.എം) സ്‌കാനിംഗിന് ഹൈദരാബാദ് ആസ്ഥാനമായ കോയെംപ്‌റ്റ് എജ്യൂടെക്കിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. 2026 ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ നടന്ന പരീക്ഷയ്‌ക്കായി 2025 ഡിസംബർ അഞ്ചിനാണ് കമ്പനിക്ക് കരാർ അനുവദിച്ചത്.