ഇത്ര ഭയപ്പെടുന്നത് എന്തിന്? കോക്രോച്ച് ജനതാ പാർട്ടിയുടെ വെബ്സൈറ്റും പൂട്ടിച്ചതായി അഭിജീത്
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റും പൂട്ടിച്ചതായി സ്ഥാപകൻ അഭിജീത് ദീപ്കെ. പത്തു ലക്ഷത്തോളം ആളുകൾ അംഗങ്ങളായിട്ടുള്ള വെബ്‌സൈറ്റിൽ പ്രവേശിക്കാൻ കഴിയുന്നില്ലെന്ന് അഭിജീത് പറഞ്ഞു. തന്റെ വ്യക്തിഗത ഇൻസ്റ്റാഗ്രാം അക്കൗണ്ടും പാർട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.
''സർക്കാർ ഞങ്ങളുടെ വെബ്സൈറ്റ് നീക്കം ചെയ്തതായി നിങ്ങളെ അറിയിക്കുന്നു. നമ്മുടെ വെബ്സൈറ്റിൽ 10 ലക്ഷം 'കോക്ക്രോച്ചുകൾ' അംഗങ്ങളായി രജിസ്റ്റർ ചെയ്തിരുന്നു. കൂടാതെ 6 ലക്ഷം 'കോക്ക്രോച്ചുകൾ' വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പെറ്റീഷനിൽ ഒപ്പുവെച്ചിരുന്നു''- അഭിജീത് എക്‌സിൽ കുറിച്ചു.
സർക്കാർ എന്തിനാണ് സിജെപിയെ ഇത്രയധികം ഭയപ്പെടുന്നതെന്ന് ചോദിച്ച അദ്ദേഹം മികച്ച ഒരു ഭാവി ഇന്ത്യയിലെ യുവാക്കൾ ആവശ്യപ്പെട്ടതാണോ കുറ്റമെന്നും കൂട്ടിച്ചേർത്തു. ഭരണകൂടത്തിന്റെ ഈ ഏകാധിപത്യ പെരുമാറ്റം ഇന്ത്യയിലെ യുവാക്കളുടെ കണ്ണുതുറപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ കേന്ദ്രസർക്കാർ കോക്രോച്ച് ജനതാ പാർട്ടിയുടെ എക്‌സ് അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി ഐബി കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയതിനു പിന്നാലെയായിരുന്നു നടപടി. സിജെപിയുടെ അക്കൗണ്ട് തടഞ്ഞുവയ്ക്കാൻ സമൂഹമാദ്ധ്യമമായ എക്‌സിനോട് വിവരസാങ്കേതിക മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് കോക്രോച്ച് ഈസ് ബാക്ക് എന്ന പുതിയ അക്കൗണ്ടുമായി അഭിജീത് വീണ്ടും എത്തിയത്.