കർണാടക കോൺഗ്രസിൽ തർക്കം അവസാനിക്കുന്നില്ല: ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മക്കളെ പരിഗണിക്കണമെന്ന് നേതാക്കൾ
ബംഗളൂരു: മുഖ്യമന്ത്രി കസേരയക്ക് വേണ്ടിയുള്ള ചരടുവലികൾക്ക് പിന്നാലെ കർണാടക കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമായി. നീണ്ട ചർച്ചകൾക്കൊടുവിലാണ് കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ തയ്യാറെടുക്കുന്നത്. കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ടാണ് മുഖ്യമന്ത്രി തർക്കം ഒത്തുതീർപ്പിലെത്തിച്ചത്. ഇപ്പോൾ കോൺഗ്രസിനുള്ളിൽ നിർണായകമായ ഉപമുഖ്യമന്ത്രി സ്ഥാനം ആർക്ക് ലഭിക്കുമെന്ന ചർച്ചയാണ് ഉടലെടുത്തിരിക്കുന്നത്.
സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയെയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയെയും കേന്ദ്രീകരിച്ചാണ് ഉപമുഖ്യമന്ത്രി ചർച്ച പുരോഗമിക്കുന്നത്. ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് പാർട്ടി നേതൃത്വമെന്ന സൂചനയും ലഭിക്കുന്നുണ്ട്.
ഡോക്ടർ ജോലിയിൽ നിന്നാണ് സിദ്ധരാമയ്യയുടെ ഇളയ മകനായ യതീന്ദ്ര സിദ്ധരാമയ്യ രാഷ്ട്രീയക്കാരനായി മാറിയത്. പാത്തോളജിസ്റ്റായിരുന്ന അദ്ദേഹം 2018ൽ പിതാവ് പ്രതിനിധീകരിച്ചിരുന്ന വരുണ നിയമസഭാ മണ്ഡലത്തിൽ വിജയിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. 2018 മുതൽ 2023 വരെ എംഎൽഎയായിരുന്ന അദ്ദേഹം 2024ൽ ലെജിസ്ലേറ്റീവ് കൗൺസിൽ മെമ്പറായി. പുതിയ സർക്കാരിനെക്കുറിച്ചുള്ള ചർച്ചകൾക്കായി ഡൽഹിയിലേക്കുള്ള യാത്രയിൽ യതീന്ദ്രയേയും സിദ്ധരാമയ്യ ഒപ്പം കൂട്ടിയിരുന്നു. പൊതുമദ്ധ്യത്തിലേക്ക് അധികം എത്താറില്ലെങ്കിലും സിദ്ധരാമയ്യ വിഭാഗത്തിന്റെ മാസ്റ്റർ മൈൻഡ് എന്നാണ് യതീന്ദ്രയെക്കുറിച്ച് പറയാറുള്ളത്. കർണാടക കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ അദ്ദേഹത്തിന് വലിയ സ്വാധീനമാണുള്ളത്.
കർണാടക കോൺഗ്രസിൽ ഇതിനകം പ്രധാന സ്ഥാനം നേടിയ പ്രിയങ്ക് ഖാർഗെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനാണ്. എൻഎസ്‌യുഐ, യൂത്ത് കോൺഗ്രസ് എന്നിവയിലൂടെയാണ് പ്രിയങ്ക് ഖാർഗെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. ചിറ്റാപൂരിൽനിന്ന് മൂന്ന് തവണ എംഎൽഎയായ പ്രിയങ്ക് നിലവിൽ മന്ത്രിയാണ്.