അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തും, കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് വധഭീഷണി
ന്യൂഡൽഹി: സമൂഹ മാദ്ധ്യമങ്ങളിൽ ട്രെൻഡായ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് വധഭീഷണി. തനിക്കെതിരെയുള്ള ഭീഷണി സന്ദേശങ്ങൾ അഭിജിത് ദീപ്കെ തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തുമെന്നാണ് ഭീഷണി. സംഭവത്തിൽ ആശങ്ക അറിയിച്ച് അഭിജിത്തിന്റെ രക്ഷിതാക്കളും രംഗത്തെത്തി.
കോക്രോച്ച് ജനതാ പാർട്ടിയുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ പൂട്ടുക, നിങ്ങൾക്ക് പണം കിട്ടും, ബി.ജെ.പിയിൽ ചേരുക. അല്ലെങ്കിൽ അമേരിക്കയിൽ വച്ച് കൊല്ലപ്പെടും. എന്ന് അഭിജിത് പങ്കുവച്ച ഭീഷണി സന്ദേശത്തിൽ പറയുന്നു. പാർട്ടി രൂപീകരിച്ച ശേഷം ഫോണിലൂടെയും സമൂഹ മാദ്ധ്യമങ്ങളിലൂടയും നിരന്തരം ഭീഷണി സന്ദേശങ്ങളെത്തുന്നുവെന്ന് അഭിജിത് പറയുന്നു. മദ്ധ്യപ്രദേശ് സ്വദേശിയായ അഭിജിത് നിലവിൽ ബോസ്റ്റൺ സർവകലാശാലയിൽ വിദ്യാർത്ഥിയാണ്.
അതേസമയം കോക്രോച്ച് ജനതാ പാർട്ടിയെന്ന പേരിൽ തുടങ്ങിയ ആക്ഷേപ ഹാസ്യ അക്കൗണ്ടുകൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് രഹസ്യാന്വേഷണ വിഭാഗം കേന്ദ്രസർക്കാരിനെ അറിയിച്ചു. അരാജകത്വം കൊണ്ട് ജനാധിപത്യത്തെ തകർക്കാനാവില്ലെന്ന് ബി.ജെ.പിയും പ്രതികരിച്ചു.