വനപാതയില്‍ മനുഷ്യന്റെ കാല്‍ കണ്ടെത്തി, ആക്രമിച്ചത് നരഭോജി കടുവ?

Monday 01 June 2026 7:15 PM IST

ഭുവനേശ്വർ: കടുവ സങ്കേതത്തിനുള്ളിൽ മുറിച്ചുമാറ്റപ്പെട്ട നിലയിലുള്ള മനുഷ്യന്റെ രണ്ട് കാലുകൾ കണ്ടെത്തി. ഒഡീഷയിലെ മയൂർഭഞ്ചിലുള്ള കടുവാ സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം. പ്രദേശവാസിയെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയതാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സാധു നായിക് എന്നയാളെ കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായിരുന്നു. ഇയാളെ കടുവ കടിച്ചുകൊന്നുവെന്നാണ് സംശയം. എന്നാൽ മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇന്ന് രാവിലെ വനപാതയിലെ കുമുദാബാദിക്ക് സമീപമുള്ള കുറ്റിക്കാട്ടിലാണ് നാട്ടുകാർ നായികിന്റെ കാലുകൾ കണ്ടെത്തിയത്. വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും ശരീരത്തിന്റെ ബാക്കി ഭാഗങ്ങൾ കണ്ടെത്താനായില്ലെന്ന് സിമിലിപാൽ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. പ്രാഥമിക പരിശോധനകളിൽ മരണകാരണം സംബന്ധിച്ച് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്ന തരത്തിലുള്ള കാൽപ്പാടുകളോ മറ്റ് തെളിവുകളോ സംഭവസ്ഥലത്തുനിന്ന് നിലവിൽ കണ്ടെത്തിയിട്ടില്ലെന്നും ഡെപ്യൂട്ടി ഡയറക്ടർ പ്രസ്താവനയിൽ വ്യക്തമാക്കി. മരണകാരണം ശാസ്ത്രീയമായി കണ്ടെത്താൻ സംഭവസ്ഥലത്തുനിന്നും സാമ്പിളുകളും മറ്റ് തെളിവുകളും ശേഖരിച്ച് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മരണപ്പെട്ടയാളുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.