
ജോലിയുടെ പ്രത്യേകതകൾ കൊണ്ട് ഉറക്കം രാത്രി തടസപ്പെടുന്നവരുണ്ട്. നേരം വെളുക്കുവോളം സ്‌മാർട്‌ഫോണിൽ കളിക്കുകയോ, സിനിമയോ, ഇഷ്‌ടപ്പെട്ട ഷോയോ കാണുകയോ ചെയ്‌തിട്ട് പകൽ ഉറങ്ങുന്നവരുമുണ്ട്. കൃത്യമായി സമയത്ത് ഉറക്കം ലഭിക്കാതെ വരുന്നത് ശരീരത്തിന് കേടാണെന്ന് ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകാറുണ്ട്. ഏറെനാൾ ഇത്തരത്തിൽ ഉറക്കം തടസപ്പെട്ട് ജീവിച്ചശേഷം പിന്നീട് ചിട്ടയായി ഉറക്കം ലഭിച്ചാൽ എല്ലാം ശരിയാകും എന്ന് കരുതുന്നവരുണ്ട്. എന്നാൽ ഇത്തരം ധാരണ തെറ്റാണെന്ന് സൂചിപ്പിക്കുന്ന പഠനമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഉറക്കം നഷ്‌ടപ്പെട്ട കാലത്തെ പ്രശ്‌നങ്ങളെ മറികടന്ന് അത് ലഭിച്ചുതുടങ്ങുമ്പോൾ നമ്മുടെ തലച്ചോർ തിരികെ നന്നായി പ്രവർത്തിച്ചുതുടങ്ങും എന്ന് കരുതിയെങ്കിൽ അത് തെറ്റിദ്ധാരണയാണെന്ന് എലികളിൽ നടത്തിയ പരീക്ഷണമാണ് തെളിയിച്ചിരിക്കുന്നത്. ടെക്‌സാസ് എ ആൻഡ് എം സർവകലാശാലയിലെ ഡോ. കരെയ്‌ൻ എ ഡിസൂസയും ടീമും നടത്തിയ പരീക്ഷണമാണ് ഈ കാര്യം വ്യക്തമായത്.
മനുഷ്യരുൾപ്പടെ ജീവജാലങ്ങളുടെ ഉറക്കം, ഉണരൽ, ദഹനം എന്നിങ്ങനെ വിവിധ ശാരീരിക പ്രവർത്തനങ്ങളെ 24 മണിക്കൂർ സമയത്തെ നേരങ്ങളിൽ നിയന്ത്രിക്കുന്നത് ജൈവ ഘടികാരമായ സർക്കേഡയിൻ റിഥം ആണ്. ഈ സർക്കേഡിയൻ റിഥം തെറ്റിയവരിൽ ഓർമ്മശക്തി, ഏകാഗ്രത, യുക്തിസഹമായി തീരുമാനമെടുക്കൽ എന്നിങ്ങനെ വൈജ്ഞാനികമായ പ്രധാന തകരാറുകളുണ്ടാകാറുണ്ട്. ഇക്കാര്യം പരീക്ഷിക്കാനാണ് ഡോക്‌ടർ കരെയ്‌ൻ പുറപ്പെട്ടത്.
ഇതിനായി എലികൾ പ്രായപൂർത്തിയായ ആദ്യ കാലത്ത് രണ്ട് ഗ്രൂപ്പായി ഡോ. കരെയ്‌ൻ തിരിച്ചു. ഒരു വിഭാഗത്തിനെ 12 മണിക്കൂർ തുടർച്ചയായി വെളിച്ചമുള്ള കൂട്ടിലാണ് പാർപ്പിച്ചത്. മറ്റൊരു വിഭാഗത്തിനെ സാധാരണ കൂട്ടിലും. ഇതിൽ 12 മണിക്കൂർ വെളിച്ചം കിട്ടുന്ന കൂട്ടിലെ എലികൾക്ക് ഉറക്കത്തിന്റെ സമയത്തിൽ തടസം വന്നു. ഇവരിൽ വൈജ്ഞാനിക തകർച്ചയുണ്ടായി.
80 ദിവസത്തിന് ശേഷം ഈ വിഭാഗത്തിന് സാധാരണപോലെ ജിവിതമായി. ഏഴ് മാസത്തോളം ഇത് തുടർന്നു. എലികളുടെ ജീവിതത്തിന്റെ മദ്ധ്യകാലത്ത് അതായത് 13-14 മാസം പ്രായമുള്ളപ്പോൾ പിന്നീട് പരീക്ഷണം നടത്തി. ഉറക്കത്തിന് തടസം നേരിട്ട എലികൾ ഓർമ്മയുമായി ബന്ധപ്പെട്ട പരീക്ഷണം നടത്തിയപ്പോൾ വല്ലാതെ പ്രയാസപ്പെടുന്നത് കണ്ടു. അവയുടെ ഇരട്ടി പ്രായമുള്ള എലികൾക്ക് ലഭിക്കുന്ന സ്‌കോർ ആണ് ആ എലികൾ പരീക്ഷണത്തിൽ നേടാനായത്.

കൂടുതൽ വ്യക്തമായ പഠനത്തിന് ഡോ. കരെയ്‌നും സംഘവും രണ്ട് വിഭാഗം എലികളുടെയും പ്രതിരോധ സംവിധാനത്തെ പരീക്ഷണവിധേയമാക്കിയപ്പോൾ ഉറക്കം തടസപ്പെട്ടിരുന്ന എലികൾ അവരുടെ പ്‌ളീഹയിൽ രോഗപ്രതിരോധ പ്രതികരണത്തിന്റെ കേന്ദ്രമായ വെളുത്ത രക്താണുക്കളെ 40 ശതമാനം കൂടുതലായി വഹിക്കുന്നു എന്ന് കണ്ടെത്തി. അതിനർത്ഥം അവരുടെ രോഗപ്രതിരോധ സംവിധാനം വളരെ കൂടുതലായി പ്രവർത്തിക്കുന്നു എന്നാണ്.
ബി സെല്ലുകൾ എന്ന് വിളിക്കുന്ന ഇവ കൂടുതലുള്ള എലികളിൽ ശാരീരികമായി വീക്കവും സംഭവിച്ചിരുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണം നടത്തുന്ന ടി സെല്ലുകളെ ഇവ ദുർബലമാക്കിയിരുന്നു. തലച്ചോറിലും അതിന്റേതായ മാറ്റങ്ങൾ കാണാനായി. തലച്ചോറിൽ പ്രത്യേകമായ ഓർമ്മകളെ സൂക്ഷിക്കുന്ന ഹിപ്പോകാമ്പസിനുള്ളിലെ മൈക്രോഗ്ളിയ എന്ന പ്രതിരോധ കോശങ്ങളെ ഇവ ബാധിച്ചു.
തലച്ചോറിൽ കോശങ്ങളിലാകെ ചുറ്റി കുഴപ്പങ്ങളെ പരിഹരിക്കുന്ന, ന്യൂറോണുകളെ ആരോഗ്യത്തോടെ നിർത്തുന്നവയാണ് മൈക്രോഗ്ളിയ. ഉറക്കം തടസപ്പെട്ട എലികളിൽ ഇവ വലുതും വ്യത്യസ്‌തമായ ആകൃതിയുള്ളവയും ആയിരുന്നു. മാത്രമല്ല ഇവ സ്വന്തം ജോലികൾ ചെയ്യുന്നില്ലെന്നും തെളിഞ്ഞു. ഇത് തലച്ചോറിന് ഭാവിയിലും ഏറെ കേടുപാടുകൾ വരുത്തുമെന്നും മനസിലാക്കാനായി.
മുൻപ് സ്‌മൃതിനാശം രോഗം ബാധിച്ചവരിൽ 97 ശതമാനവും ചുറ്റുമുള്ള പരിസ്ഥിതിയിൽ നിന്നാണ് അവക്കുള്ള കാരണമുണ്ടായത്.ഹൃദയസംബന്ധമായ രോഗങ്ങളെക്കുറിച്ച് നാൽപതുകളിലുള്ളവർക്ക് മുന്നറിയിപ്പ് നൽകാറുണ്ട്. അതുപോലെ കൃത്യമായ ഉറക്കമില്ലായ്‌മയും ഭാവിയിൽ ഡിമെൻഷ്യയടക്കം രോഗകാരണമാകുമോ എന്ന് മുന്നറിയിപ്പ് നൽകേണ്ടതാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. കൃത്യമായ ഉറക്കം, ഭക്ഷണം, വ്യായാമം എന്നിവ ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കാൻ ആവശ്യമെന്ന് പഠനത്തിലൂടെ അടിവരയിട്ട് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |