സൗജന്യമായി ചെയ്യേണ്ട ശസ്ത്രക്രിയയ്ക്ക് കൈക്കൂലി വാങ്ങി; സർക്കാർ ഡോക്ടർ പിടിയിൽ

Tuesday 19 May 2026 11:55 PM IST

അഹമ്മദാബാദ്: സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചെയ്യേണ്ട ശസ്ത്രക്രിയയ്ക്ക് കൈക്കൂലി വാങ്ങിയ ഡോക്ടർ ആന്റി കറപ്ഷൻ ബ്യൂറോയുടെ (എസിബി) പിടിയിൽ. ഗുജറാത്തിലെ ആനന്ദ് ജനറൽ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഓർത്തോപീഡിക് സർജൻ ഡോ. ചിന്തൻ സ്‌നേഹലാണ് അറസ്റ്റിലായത്. വിരലിന് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്കായി എത്തിയ രോഗിയുടെ സുഹൃത്താണ് ഡോക്ടർക്കെതിരെ പരാതി നൽകിയത്. ശസ്ത്രക്രിയ നടത്താൻ ഡോക്ടർ പണം ആവശ്യപ്പെട്ടതായിരുന്നു പരാതിക്ക് ആധാരം.

ശസ്ത്രക്രിയയ്ക്കായി ആദ്യം 6,500 രൂപയാണ് ഡോക്ടർ ആവശ്യപ്പെട്ടത്. ചർച്ചകൾക്കൊടുവിൽ ഇത് 4,000 രൂപയായി കുറച്ചു. പരാതിക്കാരൻ 1,000 രൂപ ആദ്യം തന്നെ ഡോക്ടർക്ക് അഡ്വാൻസായി കൈമാറിയിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ബാക്കി 3,000 രൂപ നൽകണമെന്ന് ഡോക്ടർ നിർബന്ധം പിടിച്ചു. ബാക്കി തുക നൽകാൻ താല്പര്യമില്ലാതിരുന്ന പരാതിക്കാരൻ എസിബി ഓഫീസിനെ സമീപിക്കുകയായിരുന്നു.

തുടർന്ന് ഉദ്യോഗസ്ഥർ നൽകിയ നിർദ്ദേശപ്രകാരം ആശുപത്രിയിൽ കെണിയൊരുക്കി. ഒന്നാം നിലയിലെ ഓപ്പറേഷൻ തിയേറ്ററിന് പുറത്തുവച്ച് പരാതിക്കാരൻ ഡോക്ടറെ കണ്ട് പണം കൈമാറി. ബാക്കി തുകയായ 3,000 രൂപ വാങ്ങുന്നതിനിടെ ഒളിഞ്ഞിരുന്ന എസിബി ഉദ്യോഗസ്ഥർ ഡോക്ടറെ കൈയോടെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് പണവും കണ്ടെടുത്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിനും ഡോ. ചിന്തൻ ഷായ്‌ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.