രാജ്യത്ത് ബിജെപി ഭരണം എന്ന് അവസാനിക്കും? പ്രവചനവുമായി ടിവികെ വിജയിക്കുമെന്ന് പറഞ്ഞ ഒരേയൊരു വിദഗ്ദ്ധൻ

Saturday 23 May 2026 1:52 PM IST

ന്യൂഡൽഹി: ബിജെപി ഇനി എത്രനാൾ ഭരിക്കുമെന്ന പ്രവചനവുമായി ആക്‌സിസ് മൈ ഇന്ത്യ മേധാവിയും തിരഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധനുമായ പ്രദീപ് ഗുപ്‌ത. തമിഴ്‌നാട്ടിൽ വിജയ്‌യുടെ ടിവികെ അധികാരത്തിലേറുമെന്ന് പ്രവചിച്ചത് ആക്‌സിസ് മൈ ഇന്ത്യ മാത്രമാണ്.

2014ൽ ആരംഭിച്ച ബിജെപി ഭരണം കുറഞ്ഞത് 20 വർഷം നീണ്ടുനിൽക്കാൻ സാദ്ധ്യതയുണ്ടെന്നാണ് പ്രദീപ് ഗുപ്‌തയുടെ വിലയിരുത്തൽ. ഭരണ രംഗത്ത് വലിയ വീഴ്‌ചകൾ ഉണ്ടാകാത്ത പക്ഷം ബിജെപിക്ക് ദീർഘകാലം അധികാരത്തിൽ തുടരാനാകുമെന്നും ഗുപ്‌ത അഭിപ്രായപ്പെട്ടു.

മുമ്പ് കോൺഗ്രസ് ദീർഘകാലം രാജ്യം ഭരിച്ചതതും പ്രദീപ് ഗുപ്‌ത ചൂണ്ടിക്കാട്ടി. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലനിന്നിരുന്ന ഏകകക്ഷി മേധാവിത്വത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തെയും സമാനമായ ഏകകക്ഷി മേധാവിത്വമായാണ് അദ്ദേഹം വിലയിരുത്തുന്നത്. 1977 വരെ കോൺഗ്രസ് തുടർച്ചയായി രാജ്യം ഭരിച്ചിരുന്നു. അതിനുശേഷമാണ് പാർട്ടി പ്രതിസന്ധികൾ നേരിട്ടുതുടങ്ങിയതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

രാഷ്ട്രീയത്തിൽ ഒരു തലമുറ എന്നത് ഏതാണ്ട് 20 വർഷത്തെ കാലയളവായാണ് കണക്കാക്കിയിരുന്നത്. ആ 20 വർഷത്തെ കാലയളവിനുള്ള സാദ്ധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബിജെപിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി ഇനിയും തുടരാൻ കഴിയുമെന്നും പ്രദീപ് ഗുപ്‌ത പറഞ്ഞു. രാഷ്ട്രീയത്തിൽ ഒരു നിശ്ചിത കാലയളവിലേക്കുള്ള 'ത്രെഷോൾഡ്' ഉണ്ടെന്ന് വിശദീകരിക്കാനാണ് അദ്ദേഹം കോൺഗ്രസിന്റെ ചരിത്രം ചൂണ്ടിക്കാണിച്ചത്.

ജനങ്ങളുടെ പ്രതീക്ഷകൾ വർദ്ധിച്ചിരിക്കുകയാണ് അതിനാൽ ബിജെപി ഇനി മുതൽ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കേണ്ടതുണ്ടെന്നും പ്രദീപ് ഗുപ്‌ത പറഞ്ഞു. ഭരണ കക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും ഭാവി പൂർണമായും നിലവിലെ സർക്കാരിന്റെ പ്രവർത്തന മികവിനെ ആശ്രയിച്ചിരിക്കുന്നു. കോൺഗ്രസിന്റെ കാര്യത്തിൽ, മുൻകാലങ്ങളിലെ മോശം ഭരണത്തെക്കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തലുകൾ തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയമായി ഒരു തിരിച്ചുവരവ് നടത്താൻ കോണ്‍ഗ്രസിന് കൂടുതൽ സമയമെടുക്കും. 2029 ആകുമ്പോഴേക്കും കോൺഗ്രസ് അധികാരത്തിൽ നിന്ന് മാറിയിട്ട് 15 വർഷത്തോളമാകും. രാജ്യത്തെ ജനങ്ങൾ കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുക്കാൻ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ഇനിയും വേണ്ടിവരുമെന്നാണ് താൻ കരുതുന്നതെന്നും ഗുപ്‌ത പറഞ്ഞു.