SignIn
Kerala Kaumudi Online
Friday, 22 May 2026 8.11 PM IST

ഫ്ലാറ്റ് വാങ്ങാൻ പ്ലാനുണ്ടോ? ഒരു വർഷം മുൻപ് വീട് വാങ്ങിയ ഈ യുവാവിന്റെ അനുഭവം കൂടി അറിഞ്ഞോളൂ

flat-buyer

ബംഗളൂരു: മെട്രോ നഗരങ്ങളിൽ ഒരു വീടോ ഫ്ളാറ്റോ വാങ്ങുക എന്നുള്ളത് ഏതൊരാളുടെയും സ്വപ്നമാണ്. പ്രത്യേകിച്ചും അത്തരം നഗരങ്ങളിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന പ്രൊഫഷണൽ ജോലിയുള്ളവർക്ക്. ഇപ്പോഴിതാ ഒരു ഫ്ളാറ്റ് വാങ്ങി വെട്ടിലായ യുവാവിന്റെ അനുഭവമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. സ്വന്തമായി ഒരു ഫ്ളാറ്റ് വാങ്ങുകയെന്ന ആഗ്രഹം സഫലമാക്കിയെങ്കിലും പിന്നീട് അത് പ്രതീക്ഷിച്ചതിലും വലിയ തലവേദനയായി മാറിയതിനെക്കുറിച്ചുള്ള അനുഭവമാണ് ഉടമ റെഡ്ഡിറ്റിൽ പങ്കുവച്ചത്.

ബംഗളൂരു നഗരത്തിൽ താമസിക്കുന്ന ഒരു യുവാവാണ് താൻ ഫ്ളാറ്റ് വാങ്ങി ഒരു വർഷത്തിന് ശേഷം നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് റെഡ്ഡിറ്റിൽ കുറിച്ചത്. 'പ്രോപ്പർട്ടി രജിസ്‌ട്രേഷൻ സമയത്ത് സബ് രജിസ്ട്രാർ ഓഫീസിൽ കൈക്കൂലി നൽകേണ്ടി വന്നു. ആദ്യമായി വീട് വാങ്ങുന്നവരാണെങ്കിൽ, സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കാൻ എന്ന വ്യാജേന സർക്കിൾ റേറ്റ് കുറച്ച് കാണിച്ച് ബിൽഡർമാർ നിങ്ങളെ പറ്റിക്കാനും സാദ്ധ്യതയുണ്ട്,'-യുവാവ് കുറിച്ചു. നിയമവശങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തവരെ ബിൽഡർമാർ ചൂഷണം ചെയ്യുമെന്നും യുവാവ് മുന്നറിയിപ്പ് നൽകുന്നു. എന്നാൽ പേപ്പർ വർക്കുകളിലെ പ്രശ്നങ്ങൾ മാത്രമല്ല, ഫ്ളാറ്റിനുള്ളിലെ ദൈനംദിന ജീവിതവും കടുത്ത നിരാശയാണ് സമ്മാനിച്ചതെന്നും യുവാവ് പറഞ്ഞു.

'വേനൽക്കാലത്ത് വാട്ടർ ടാങ്കറുകളെ ആശ്രയിക്കേണ്ടി വരുമ്പോൾ അധിക തുക നൽകാൻ പല താമസക്കാരും തയ്യാറാകുന്നില്ല എന്നതാണ് പ്രധാന പ്രതിസന്ധി. എല്ലാ ചിലവുകളും മാസംതോറുമുള്ള മെയിന്റനൻസ് തുകയിൽ ഒതുക്കണമെന്നാണ് ഭൂരിഭാഗം പേരുടെയും വാശി. ടാങ്കർ ലോറിക്കാരന് കഴിഞ്ഞ രണ്ട് മാസത്തെ ബിൽ കൊടുക്കാനുണ്ട്. എന്നാൽ താമസക്കാർക്ക് പണം നൽകാൻ താല്പര്യമില്ല. അവർ നൽകുന്ന 1,500 രൂപ മെയിന്റനൻസ് ഫീസിൽ ഇതെല്ലാം ഉൾപ്പെടുത്തണമെന്നാണ് അവരുടെ ആവശ്യം. പ്രദേശത്തെ കുരങ്ങൻമാർ വാട്ടർ സപ്ലൈ ചെയ്യുന്ന പൈപ്പുകൾ തകർക്കുന്നതും പതിവാണ്. പൈപ്പ് നന്നാക്കാൻ 25 മിനിട്ടോളം എടുക്കുമെങ്കിലും അതുവരെ വെള്ളം മുടങ്ങുന്നത് പതിവായി മാറിയിരിക്കുന്നു.

ഫ്ളാറ്റിലെ മുഴുവൻ ആളുകളും ഒരേസമയം വൈദ്യുതി ഉപയോഗിക്കുമ്പോൾ ലോഡ് താങ്ങാൻ നിലവിലെ ട്രാൻസ്‌ഫോർമറിന് സാധിക്കുന്നില്ല. പുതിയ ട്രാൻസ്‌ഫോർമർ വയ്ക്കാൻ അഞ്ച് ലക്ഷം രൂപയോളം ചിലവ് വരും. എന്നാൽ ഇതിനെക്കുറിച്ച് ഫ്ളാറ്റ് ഉടമകൾ ചർച്ച ചെയ്താൽ പരസ്പരം കുറ്റപ്പെടുത്തലുകളിലും വാക്കുതർക്കങ്ങളിലും മാത്രമാണ് അവസാനിക്കുന്നത്. ഇഎംഐ തുക സാമ്പത്തികമായി താങ്ങാൻ കഴിയുമെങ്കിൽ പോലും, ഇത്തരം പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അതും ഒരു ഭാരമായി മാറുന്നുണ്ട്. എങ്കിലും പ്രായമായ മാതാപിതാക്കൾക്ക് ഭാവിയിൽ സുരക്ഷിതമായി താമസിക്കാൻ ഒരിടമായി എന്നതുമാത്രമാണ് ഏക ആശ്വാസം'.- യുവാവ് കൂട്ടിച്ചേർത്തു. യുവാവിന്റെ പോസ്റ്റ് വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BENGALURU, FLAT BUYER, HARSH TRUTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360