കർണാടക മുഖ്യമന്ത്രി പോര്: ഡികെ ശിവകുമാറിനായി പ്രിയങ്ക ഗാന്ധി രംഗത്ത്, കോൺഗ്രസിൽ നിർണായക നീക്കങ്ങൾ
ന്യൂഡൽഹി: കർണാടകയിലെ മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തർക്കത്തിന് അന്ത്യമാകുന്നു. ദീർഘകാലമായുള്ള പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ എന്നിവർ സിദ്ധരാമയ്യയുമായും ശിവകുമാറുമായും കൂടികാഴ്ച്ച നടത്തി. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് വച്ചായിരുന്നു കൂടികാഴ്ച. മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും സോണിയാ ഗാന്ധിയെ കണ്ട് സ്ഥിതിഗതികൾ അറിയിച്ചതായാണ് വിവരം.
സിദ്ധരാമയ്യയെ മാറ്റി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ പ്രിയങ്ക ഗാന്ധി പാർട്ടിയിൽ സമ്മർദ്ദം ചെലുത്തുന്നതായാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. രാജ്യസഭാ സീറ്റും കേന്ദ്രത്തിൽ നിർണായക പദവിയും നൽകി സിദ്ധരാമയ്യയെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് ദേശീയ നേതൃത്വം. 2028ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയിൽ മറ്റൊരു ആഭ്യന്തര കലഹം ഒഴിവാക്കാനാണ് ഹൈക്കമാൻഡിന്റെ ഈ നിർണായക നീക്കം.
സിദ്ധരാമയ്യയുടെ ജനപ്രീതി കുറയുന്നതും ഭരണവിരുദ്ധ വികാരവും 2028ലെ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നാണ് ഹൈക്കമാൻഡ് ഭയം. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പാർട്ടിയ്ക്കൊപ്പം നിന്ന ശിവകുമാറിന് ഇനിയും അവസരം നിഷേധിക്കുന്നത് തിരിച്ചടിയാകുമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ വാദം. ഡികെ ശിവകുമാർ വൊക്കലിഗ സമുദായത്തിൽ നിന്നുള്ള ശക്തനായ നേതാവാണ്. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുന്നത് വഴി ബിജെപി - ജെഡിഎസ് സഖ്യത്തിന്റെ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താൻ സാധിക്കുമെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ.