'നാളെ കേന്ദ്രസർക്കാർ ഉണ്ടാവില്ല'; അനന്തരവൻ ആക്രമിക്കപ്പെട്ടതിന് പിന്നാലെ മമത ബാനർജിയുടെ ഭീഷണി, ഓഡിയോ ക്ളിപ്പ് പുറത്ത്
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം പി അഭിഷേക് ബാനർജിക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി മമത ബാനർജിയുടേതെന്ന പേരിൽ പ്രചരിക്കുന്ന ഓഡിയോ ക്ളിപ് വിവാദത്തിൽ. അഭിഷേക് ബാനർജി ചികിത്സ തേടിയ കൊൽക്കത്തയിലെ 'ബെല്ല വ്യൂ' എന്ന സ്വകാര്യ ആശുപത്രിയിലെ സിഇഒ പ്രദീപ് ടണ്ഡനെ മമതാ ബാനർജി ഭീഷണിപ്പെടുത്തുന്നതായാണ് ഓഡിയോ ക്ളിപ്പിലുള്ളത്. മമതാ ബാനർജിയുടെ അനന്തരവനാണ് അഭിഷേക്.
'ക്ഷമിക്കണം മിസ്റ്റർ ടണ്ഡൻ, നിങ്ങൾ ഒരു തെറ്റ് ചെയ്തു. ഞങ്ങൾ നിങ്ങൾക്ക് ചെയ്ത സഹായങ്ങൾ ദയവായി ഓർക്കണം. ദൈവം നിങ്ങളോട് ക്ഷമിക്കില്ല. നിങ്ങൾ തെറ്റിദ്ധരിപ്പിക്കുകയാണ്. അതിന് നിങ്ങൾക്ക് നാണമില്ലേ? എല്ലാവരും നിങ്ങളുടെ അഹങ്കാരം ഓർക്കും. ബിജെപിയാണ് ഇപ്പോൾ അധികാരത്തിലുള്ളത്. എന്നാൽ നാളെ കേന്ദ്രസർക്കാർ ഉണ്ടാവില്ല. കേന്ദ്രസർക്കാർ ഇല്ലാത്ത ഒരു ദിവസം വരും. അന്ന് ഞങ്ങൾ നോക്കിക്കോളാം'- എന്നാണ് മമതയുടേതെന്ന പേരിൽ പ്രചരിക്കുന്ന ഓഡിയോ ക്ളിപ്പിലുള്ളത്.
തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുണ്ടായ അക്രമങ്ങളിൽ ഇരയായ കുടുംബങ്ങളെ സന്ദർശിക്കാനെത്തിയപ്പോൾ ഒരു സംഘം അഭിഷേകിനുനേരെ കല്ലുകളും മുട്ടകളും എറിയുകയായിരുന്നു. 'കള്ളൻ, കള്ളൻ' എന്ന് വിളിച്ചുകൊണ്ടായിരുന്നു അക്രമം. ജനക്കൂട്ടം അക്രമാസക്തരായതോടെ അഭിഷേകിനെ പൊലീസ് ഹെൽമെറ്റ് ധരിപ്പിച്ചു. അക്രമികൾ അഭിഷേകിന്റെ ഷർട്ട് വലിച്ച് കീറി. ആക്രമണം ബിജെപിയുടെ സ്‌പോൺസർഷിപ്പാണെന്നും അധികൃതരെ മുൻകൂട്ടി അറിയിച്ചിട്ടും മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും അഭിഷേക് ആരോപിച്ചു.
ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ഭരണാധികാരികൾ കൊലയാളികളായെന്ന് തൃണമൂൽ നേതാവും മുൻ മുഖ്യമന്ത്രിയുമായ മമതാ ബാനർജി പ്രതികരിച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ സംഭവത്തെ ശക്തമായി അപലപിച്ചു. അഭിഷേകിനെതിരായ ആക്രമണം അസ്വീകാര്യമാണ്. ബംഗാൾ സർക്കാരും കേന്ദ്ര സർക്കാരും എല്ലാ പ്രതിപക്ഷ നേതാക്കൾക്കും സുരക്ഷ ഉറപ്പാക്കുകയും അത്തരം ആക്രമണങ്ങൾ തടയാൻ ഉടനടി നടപടികൾ സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ അപലപിച്ച സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് അക്രമം ഗൂഢാലോചനയാണെന്ന് ആരോപിച്ചു.