
അഹമ്മദാബാദ്: ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിനായി ഗംഭീര പ്രകടനം പുറത്തെടുത്ത 15കാരൻ വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്ടൻ ശുഭ്മാൻ ഗിൽ. നിലവിൽ ട്വന്റി-20 ഫോർമാറ്റിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് വൈഭവെന്നാണ് ഗിൽ വിശേഷിപ്പിച്ചത്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെയുള്ള ഐപിഎൽ ഫൈനൽ മത്സരത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. കഴിഞ്ഞ ദിവസം നടന്ന രണ്ടാം ക്വാളിഫയറിൽ ഗുജറാത്തും രാജസ്ഥാനും നേർക്കുനേർ വന്നപ്പോൾ ഇരു താരങ്ങളും മിന്നും പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിൽ ഗില്ലിന്റെ സെഞ്ച്വറി (104) ഗുജറാത്തിനെ ഫൈനലിലെത്തിച്ചെങ്കിലും, രാജസ്ഥാന് വേണ്ടി വൈഭവ് കളിച്ച 96 റൺസാണ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം.
'ട്വന്റി-20 ഫോർമാറ്റിൽ നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് വൈഭവ്. ഈ സീസണിൽ അവൻ കളിച്ച കളി ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്. അവനെപ്പോലെ ഇത്രയും പവർഫുൾ ആയി ബാറ്റ് ചെയ്യുന്ന ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടേയില്ല. വെറുതെ സിക്സും ഫോറും അടിച്ചു കൂട്ടുക മാത്രമല്ല ചെയ്യുന്നത്. അവന്റെ നിൽപും, ഏത് ബൗളർക്കെതിരെയും ബാറ്റ് വീശുന്ന കൈകളുടെ വേഗതയും ഒരുപാട് പ്രത്യേകതകളുണ്ട്.
കഴിഞ്ഞ മത്സരത്തിൽ ഞങ്ങളുടെ പേസർമാർ തുടക്കത്തിൽ അവനെ നന്നായി സമ്മർദത്തിലാക്കിയിരുന്നു, വിചാരിച്ച പോലെ റൺസ് എടുക്കാൻ വിട്ടില്ല. പക്ഷെ, അവിടെ നിന്നും അവൻ കളിയിലേക്ക് തിരിച്ചുവന്ന രീതിയും ഞങ്ങളെ സമ്മർദത്തിലാക്കിയതുമൊക്കെ നോക്കൂ... ആ ഒരു മെന്റാലിറ്റി വൈഭവ് എങ്ങനെയുള്ള പ്ലെയറാണെന്ന് കാണിച്ചുതരുന്നുണ്ട്. വരും വർഷങ്ങളിൽ അവനെതിരെ ബൗൾ ചെയ്യാൻ പോകുന്ന ബൗളർമാർ കടുത്ത വെല്ലുവിളികൾ നേരിടേണ്ടി വരും.'- ഗിൽ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |