ഗവർണർക്കായുള്ള ഗതാഗത നിയന്ത്രണത്തിൽ കുടുങ്ങി ഗർഭിണിയായ ഭാര്യ; റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് യുവാവ്

Monday 01 June 2026 2:22 PM IST

ബംഗളൂരു: ബംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിൽ വലഞ്ഞതിന് പിന്നാലെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധവുമായി യുവാവ്. ഗർഭിണിയായ ഭാര്യയെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാൻ ഇറങ്ങിയെങ്കിലും വിഐപി വാഹന വ്യൂഹത്തിനായുള്ള ഗതാഗത നിയന്ത്രണത്തിൽ കാർ കുടുങ്ങുകയായിരുന്നു. അരമണിക്കൂറോളം ട്രാഫിക്കിൽ കുടുങ്ങിയതോടെയാണ് യുവാവ് നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

ബംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ഓൾഡ് എയർപോർട്ട് റോഡിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കർണാടക ഗവർണർ താവർചന്ദ് ഗെഹ്ലോട്ടിന്റെ വാഹനവ്യൂഹത്തിന് കടന്നുപോകാനായി റോഡിൽ അരമണിക്കൂർ നേരം പൊലീസ് ഗതാഗതം പൂർണ്ണമായി തടഞ്ഞിരുന്നു. ഇതോടെ അടിന്തരമായി ആശുപത്രിയിലേയ്ക്ക് പോകാനിറങ്ങിയ യുവാവും ഗർഭിണിയായ ഭാര്യയും റോഡിൽ കുടുങ്ങി. അടിപ്പാത നിർമ്മാണം നടക്കുന്നതിനാൽ വലിയ തിരക്ക് അനുഭവപ്പെടുന്ന സ്ഥലത്താണ് വിഐപിക്ക് വേണ്ടി ഗതാഗതക്കുരുക്ക് സൃഷ്ടിച്ചത്. ഇതിൽ പ്രതിഷേ യുവാവ് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

ഇതിനിടെ റോഡിലിരുന്ന യുവാവിനെ മാറ്റാൻ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തന്റെ ഭാര്യ ഗർഭിണിയാണെന്നും വിഐപിയുടെ സൗകര്യത്തിന് നൽകുന്ന പ്രാധാന്യം എന്തുകൊണ്ട് സാധാരണക്കാരുടെ ആവശ്യങ്ങൾക്ക് നൽകുന്നില്ലെന്നും അദ്ദേഹം പൊലീസുകാരോട് ചോദിച്ചു. ഒരു രാഷ്ട്രീയക്കാരന്റെ സമയത്തിന് എത്രത്തോളം മൂല്യമുണ്ടോ അത്രത്തോളം തന്നെ വിലപ്പെട്ടതാണ് ഒരു സാധാരണക്കാരന്റെ സമയവുമെന്ന് വാദിച്ചുകൊണ്ട് ഇയാൾ റോഡിൽ നിന്ന് മാറാൻ വിസമ്മതിക്കുകയായിരുന്നു.

മറ്റു വാഹനങ്ങളിൽ ഇരുന്നവർ യുവാവിന്റെ വീഡിയോ പകർത്തി സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ചതോടെ സംഭവം വലിയ ചർച്ചയായി മാറുകയായിരുന്നു. വിഐപി സംസ്കാരത്തിനെതിരെ കടുത്ത വിമർശനവുമായി നിരവധി പ്രമുഖരും സാധാരണക്കാരും രംഗത്തെത്തി. വിഐപികളുടെ സുരക്ഷയും സൗകര്യവും സാധാരണക്കാരുടെ പ്രത്യേകിച്ച് രോഗികളുടെയും ഗർഭിണികളുടെയും ജീവനെ പണയപ്പെടുത്തിക്കൊണ്ടാകരുതെന്നാണ് വിമർശനം.