പദ്മ നിറവിൽ കേരളം : എം.ടിക്ക് പദ്മ വിഭൂഷൺ, ഡോ.ജോസ് ചാക്കോ, ശോഭന, ശ്രീജേഷ് പദ്മഭൂഷൺ
ഐ.എം. വിജയനും ഡോ.ഓമനക്കുട്ടിക്കും സി.എസ്. വൈദ്യനാഥനും
ഗുരുവായൂർ ദുരൈയ്ക്കും പദ്മശ്രീ
ന്യൂഡൽഹി: മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടി. വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷൺ സമർപ്പിക്കും. നടി ശോഭന, ഹോക്കി താരം പി.ആർ. ശ്രീജേഷ്, പ്രമുഖ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധൻ ജോസ് ചാക്കോ പെരിയപുറം എന്നിവർക്ക് പത്മഭൂഷൺ. ഫുട്ബാൾ താരം ഐ.എം. വിജയൻ, സംഗീതജ്ഞ കെ. ഓമനക്കുട്ടി, സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ പാലക്കാട് സ്വദേശി സി.എസ്. വൈദ്യനാഥൻ , മൃദംഗവിദ്വാൻ ഗുരുവായൂർ ദുെെര എന്നിവർക്ക് പദ്മശ്രീ തിളക്കം. സിക്ക് വിഭാഗത്തിൽ നിന്നുള്ള ആദ്യ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ജഗദീഷ് സിംഗ് ഖെഹാർ, സുപ്രസിദ്ധ വയലിനിസ്റ്റ് എൽ. സുബ്രഹ്മണ്യം(കർണാടക), ഗുജറാത്തിൽ നിന്നുള്ള കഥക് നർത്തകി കുമുദിനി ലാഖിയ, തെലങ്കാനയിലെ ഗ്യാസ്ട്രോളജി വിദഗ്ദ്ധൻ ഡോ. എൻ. നാഗേശ്വര റെഡ്ഡി, മാരുതി സുസുക്കി സ്ഥാപകനും ഓട്ടോമൊബൈൽ രംഗത്തെ അതികായനുമായ ഒസാമു സുസുക്കി(മരണാനന്തരം), ഭോജ്പുരി ഗായിക ശ്രദ്ധ സിൻഹ(മരണാനന്തരം) എന്നിവർ അടക്കം ഏഴുപേർക്കാണ് പത്മവിഭൂഷൺ. തമിഴ്നടൻ അജിത്ത്, അന്തരിച്ച മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ മനോഹർ ജോഷി, ബിഹാർ മുൻഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ അന്തരിച്ച സുശീൽ കുമാർ മോദി, അന്തരിച്ച ഗായകൻ പങ്കജ് ഉദാസ്, സിനിമാ സംവിധായകൻ ശേഖർ കപൂർ, കന്നഡ നടൻ അനന്ത് നാഗ്, അന്തരിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ ബിബേക് ദെബ്രോയ്, പ്രമുഖ അസാമീസ് നർത്തകൻ ജതിൻ ഗോസ്വാമി, ചരിത്രകാരൻ കൈലാഷ് നാഥ് ദീക്ഷിത്, തമിഴ് വ്യവസായി നല്ലി കുപ്പുസ്വാമി ചെട്ടി, തെലുങ്ക് സിനിമാതാരവും ടി.ഡി.പി നേതാവുമായ നന്ദമുരി ബാലകൃഷ്ണ, പ്രസാർഭാരതി അദ്ധ്യക്ഷനും മാദ്ധ്യമ പ്രവർത്തകനുമായ എ.സൂര്യപ്രകാശ് എന്നിവർ അടക്കം 19 പേർക്കാണ് പത്മഭൂഷൺ. ക്രിക്കറ്റ് താരം ആർ. അശ്വിൻ, 100വയസുകാരിയായ ഗോവ സ്വാതന്ത്ര്യ സമരസേനാനി ലിബിയ ലോബോ സർദേശായി, പാരാ അമ്പെയ്ത് താരം ഹർവീന്ദർ സിംഗ് അടക്കം 113പേർക്കാണ് പദ്മശ്രീ.