നല്ല ഭരണത്തിന് ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് അനിവാര്യം; രാഷ്‌ട്രപതി

Sunday 26 January 2025 12:14 AM IST

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നല്ല ഭരണത്തിനുള്ള സാഹചര്യമൊരുക്കുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്‌ട്രപതി.

നല്ല ഭരണത്തിന്റെ നിബന്ധനകളെ പുനർനിർവചിക്കുന്ന പരിഷ്കാരമാണിത്. അതിന് നയപരമായ സ്തംഭനാവസ്ഥ തടയാനും വിഭവങ്ങളുടെ വ്യതിചലനം ലഘൂകരിക്കാനും സാമ്പത്തിക ഭാരം കുറയ്ക്കാനും കഴിയും. ഇത്രയും വലിയ പരിഷ്കാരങ്ങൾ നടപ്പാക്കാൻ കാഴ്ചപ്പാടും ചങ്കൂറ്റവും വേണം.

ബ്രിട്ടീഷ് കാലത്തെ ക്രിമിനൽ നിയമങ്ങൾക്ക് പകരം മൂന്ന് ആധുനിക നിയമങ്ങൾ കൊണ്ടുവന്നത് കോളോണിയൽ മനോഭാവം മാറ്റാനുള്ള സംഘടിത ശ്രമങ്ങളുടെ ഭാഗമാണ്. പുതിയ നിയമങ്ങൾ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനും ശിക്ഷയെക്കാൾ നീതി നടപ്പാക്കുന്നതിനും മുൻഗണന നൽകുന്നു. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ആധുനിക ആശയങ്ങളും നമ്മുടെ നാഗരിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകങ്ങളുമാണ്.

ഇന്ത്യക്കാർ എന്ന നിലയിൽ നമ്മുടെ സ്വത്വത്തിന്റെ ആത്യന്തിക അടിത്തറ ഭരണഘടന പ്രദാനം ചെയ്യുന്നു. ഒരു കുടുംബമെന്ന നിലയിൽ ഇന്ത്യക്കാരെ കൂട്ടിയിണക്കുന്നു. 75 വർഷമായി, ഇന്ത്യയെ അത് പുരോഗതിയിലേക്ക് നയിക്കുന്നു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ന് ആഗോള സാമ്പത്തിക പ്രവണതകളെ സ്വാധീനിക്കുന്നു. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ നേതൃസ്ഥാനങ്ങൾ ഏറ്റെടുക്കുന്നു. ഭരണഘടന വിഭാവനം ചെയ്ത രൂപരേഖയില്ലാതെ ഈ പരിവർത്തനം സാദ്ധ്യമാകുമായിരുന്നില്ല.

ഭാവിയുടെ താക്കോൽ

യുവജനങ്ങളിൽ

സമീപ വർഷങ്ങളിലെ ഉയർന്ന സാമ്പത്തിക വളർച്ചാ നിരക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക വഴി കർഷകർക്കും തൊഴിലാളികൾക്കും കൂടുതൽ വരുമാനം ഉറപ്പാക്കി. പലരെയും ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു.

വ്യത്യസ്ത മേഖലകളിലുള്ള പുരോഗതി മൂലം, ഇന്ത്യ തലയുയർത്തി ഭാവിയിലേക്ക് മുന്നേറുകയാണ്. ഭാവിയുടെ താക്കോൽ നമ്മുടെ യുവജനങ്ങളാണ്. പ്രത്യേകിച്ച് യുവതികൾ. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഇന്ത്യയെ സ്വന്തം സ്വപ്നങ്ങളിലൂടെ വാർത്തെടുക്കുകയാണവർ.