റിപ്പബ്ളിക് ദിനാഘോഷം; ഡൽഹി ഒരുങ്ങി
ന്യൂഡൽഹി: കൊടും തണുപ്പിനെ അവഗണിച്ച് 76-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഡൽഹി ഒരുങ്ങി. കർത്തവ്യപഥിൽ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിദ്ധ്യം, ഐക്യം, സമത്വം, വികസനം, സൈനിക ശക്തി എന്നിവ വിളിച്ചോതുന്ന റിപ്പബ്ളിക് ദിന പരേഡിൽ ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയാണ് മുഖ്യാതിഥി. ഇൻഡോനേഷ്യയിൽ നിന്നുള്ള സൈനിക വിഭാഗവും കർത്തവ്യ പഥിൽ മാർച്ച് ചെയ്യും.
10.30 ന് തുടങ്ങുന്ന പരേഡിന് രാഷ്ട്രപതി ദ്രൗപദിമുർമു സല്യൂട്ട് സ്വീകരിക്കും. ഡൽഹി ഏരിയ ജനറൽ ഓഫീസർ ലെഫ്റ്റനന്റ് ജനറൽ ഭവ്നിഷ് കുമാർ പരേഡിന് നേതൃത്വം നൽകും. പരേഡിന് സാക്ഷ്യം വഹിക്കാൻ വിവിധ മേഖലകളിൽ നിന്നുള്ള 10,000 വിശിഷ്ടാതിഥികളുണ്ടാകും. മൂന്ന് സേനാ വിഭാഗങ്ങളുടെ സംയുക്തനിശ്ചല ദൃശ്യം, 5,000 കലാകാരന്മാരുടെ സാംസ്കാരിക പ്രകടനം തുടങ്ങിയവ പരേഡിന് കൊഴുപ്പേകും. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് ഡൽഹി കനത്ത സുരക്ഷാവലയത്തിലാണ്.