വിജയ്‌ക്ക് ഇന്ന് വിശ്വാസ ദിനം, എ.ഐ.എ.ഡി.എം.കെ വിമതർ പിന്തുണയ്ക്കും

Wednesday 13 May 2026 1:13 AM IST

ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ അണ്ണാ ഡി.എം.കെയിലെ വിമ‌‌‌തപക്ഷം മുഖ്യമന്ത്രി വിജയ്‌യെ നേരിട്ട് പിന്തുണ അറിയിച്ചു. ഇന്നലെ മുഖ്യമന്ത്രി വിജയ് ഷണ്മുഖത്തിന്റെ വസതിയിലെത്തി വിമത നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാവിലെ 9.30ന് ചേരുന്ന സഭാസമ്മേളനത്തിൽ വിജയ് ഭൂരിപക്ഷം തെളിയിക്കുമെന്ന് ഇതോടെ ഉറപ്പായി. 30 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നാണ് വിമത നേതാക്കളായ എസി.പി.വേലുമണി, സി.വി.ഷണ്മുഖം എന്നിവരുടെ അവകാശവാദം. ഇവരിൽ ആറ് പേരുടെ കാര്യത്തിൽ ഉറപ്പില്ലെന്നും റിപ്പോർട്ടുകളുണ്ട്.

അമ്മാ മക്കൾ മുന്നേറ്റ കഴകത്തിന്റെ ഏക എം.എൽ.എ കാമരാജും വിജയ്ക്ക് അനുകൂലമായി വോട്ടുചെയ്യും. ടി.വി.കെ നിലവിൽ 145നുമേൽ വോട്ടുകൾ ഉറപ്പിച്ചിട്ടുണ്ട്. 118 ആണ് വേണ്ടത്.

ടി.വി.കെയ്ക്കെതിരായി അണ്ണാ ഡി.എം.കെ മേധാവി എടപ്പാടി കെ. പളനിസ്വാമി (ഇ.പി.എസ്)​ മുഖ്യ എതിരാളിയായ ഡി.എം.കെയുമായി കൈകോർക്കാൻ ശ്രമിച്ചിരുന്നുവെന്ന് ഇരുവരും ആരോപിച്ചിരുന്നു.

പാർട്ടിയുടെ 47 എം.എൽ.എമാർക്കും ടി.വി.കെയ്ക്ക് എതിരെ വോട്ട് ചെയ്യാൻ ഇ.പി.എസ് വിപ്പ് നൽകി. ഇതിന് മറുപടിയായി വിമത പക്ഷം വിജയഭാസ്‌കറിനെ വിപ്പായി നിശ്ചയിച്ച് ടി.വി.കെയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാൻ നിർദ്ദേശിച്ചു. തർക്കം നിയമസഭാ സ്പീക്കറിനുമുന്നിലെത്തിയാലും വിമതപക്ഷത്തിന് അനുകൂല നിലപാടാകും ഉണ്ടാകുക. പ്രധാന പ്രതിപക്ഷമായ ഡി.എം.കെയും എൻ.ഡി.എയിലെ നാല് അംഗങ്ങളും പി.എം.കെയും നിലപാട് വ്യക്തമാക്കിയിട്ടില്ല.

ടി.വി.കെ അംഗത്തിന്

വിലക്ക്

മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം ടി.വി.കെയുടെ എം.എൽ.എ ആർ. ശ്രീനിവാസ സേതുപതിക്ക് വോട്ട് ചെയ്യാനാകില്ല.തിരുപ്പത്തൂർ മണ്ഡലത്തിൽ നിന്ന് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ശ്രീനിവാസയുടെ വിജയം ചോദ്യം ചെയ്ത് ഡി.എം.കെ സ്ഥാനാർത്ഥി കെ.ആർ. പെരിയകറുപ്പൻ നൽകിയ ഹർജിയിലാണ് നടപടി. ഇതിനെതിരെ ശ്രീനിവാസ സുപ്രീംകോടതിയെ സമീപിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണിയിട്ടില്ലെന്നും ഈ വോട്ടുകൾ തെറ്റായി മറ്റൊരു മണ്ഡലത്തിലേക്ക് അയച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പെരിയ കറുപ്പൻ ഹൈക്കോടതിയെ സമീപിച്ചത്. തർക്കം നിലനിൽക്കുന്നതിനാൽ വോട്ടെടുപ്പിൽ പങ്കെടുക്കരുതെന്നും ഇത് സർക്കാരിനെ ബാധിക്കുമെന്നും ഹൈക്കോടതി നിലപാടെടുക്കുകയായിരുന്നു.

വിജയ്ക്ക് അനുകൂലമായ അംഗങ്ങൾ

 ടി.വി.കെ.... 105 (സ്പീക്കർ, കോടതിവിലക്കുള്ള അംഗം എന്നിവരൊഴികെ)

 അണ്ണാ ഡി.എം.കെ.... 30

 കോൺഗ്രസ് 5

 സി.പി.എം.... 2

 സി.പി.ഐ...... 2

 വി.സി.കെ.... 2

 അമ്മാ മക്കൾ മുന്നേറ്റ കഴകം... 1