സനാതന ധർമ്മം ഇല്ലാതാക്കണം; നിലപാടിൽ ഉറച്ച് ഉദയനിധി 

Wednesday 13 May 2026 12:50 AM IST

ചെന്നൈ: വീണ്ടും സനാതന ധർമ്മം വിഷയം ഉയർത്തി തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. സനാതന ധർമ്മം ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും അത് ഉന്മൂലനം ചെയ്യണമെന്ന നിലപാടിൽ മാറ്റമില്ലെന്നും പറഞ്ഞു. ഇന്നലെ നിയമസഭയിൽ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള കന്നി പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2023ൽ ഉദയനിധിയുടെ സനാതന ധർമ്മ പരാമർശം ദേശീയതലത്തിൽ വലിയ വിവാദമായിരുന്നു. സഭയിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിലെ വീഴ്ചയെക്കുറിച്ച് പറയുമ്പോഴാണ് ഉദയനിധി ഇക്കാര്യം പറഞ്ഞത്. തമിഴ് വിളംബര ഗാനമായ 'തമിഴ് തായ് വാഴ്‌ത്തി"നെ ചടങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളിയത് അംഗീകരിക്കാനാവില്ല. തമിഴ് സംസ്‌കാരത്തെയും പാരമ്പര്യത്തെയും അപ്രസക്തമാക്കാനുള്ള നീക്കങ്ങൾ പ്രതിപക്ഷം അനുവദിക്കില്ല. സനാതന ധർമ്മം ഉയർത്തുന്ന വിവേചനപരമായ രീതികൾ അവസാനിപ്പിക്കണം. നിയമസഭയിൽ മാത്രമല്ല, തമിഴ്നാട്ടിൽ നടക്കുന്ന ഏതൊരു പരിപാടിയിലും തമിഴ് തായ് വാഴ്ത്തിന് പ്രഥമ സ്ഥാനം നൽകണം. ഇതിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. നമ്മുടെ അവകാശങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിൽ വളരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഞാനും മുഖ്യമന്ത്രിയും

സഹപാഠികൾ

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും സ്പീക്കർ ജെ.സി.ഡി പ്രഭാകറും താനും ലൊയോള കോളജിലെ പൂർവവിദ്യാർത്ഥികളാണെന്ന് സഭയിൽ ഉദയനിധി പറഞ്ഞു.

രാഷ്ട്രീയ അനുഭവസമ്പത്തിൽ ഡി.എം.കെയാണ് സീനിയർ. ഞങ്ങളുടെ അനുഭവവും അറിവും പങ്കിടാൻ തയ്യാറാണ്. തമിഴ്നാടിന്റെ ക്ഷേമമാണ് പ്രധാനമെന്നും പറഞ്ഞു.