വിവാദ പരാമർശവുമായി ബീഹാർ വിദ്യാഭ്യാസ മന്ത്രി 'പെൺകുട്ടികൾക്ക് എന്തിനാണ് വിദ്യാഭ്യാസം,​ വീട്ടിലിരിക്കണം'

Wednesday 13 May 2026 12:52 AM IST

 പ്രതിഷേധം ശക്തം

പാട്ന: പെൺകുട്ടികൾക്കെതിരെയുള്ള പരാമർശത്തിൽ ബീഹാർ വിദ്യാഭ്യാസ മന്ത്രിക്കെതിരെ രൂക്ഷ വിമർശനം. പെൺകുട്ടികൾക്ക് എന്തിനാണ് വിദ്യാഭ്യാസമെന്നും അവർ വീട്ടിലിരിക്കണമെന്നുമായിരുന്നു കഴിഞ്ഞ ദിവസം മന്ത്രിയായി ചുമതലയേറ്റ മിഥിലേഷ് തിവാരിയുടെ പരാമർശം. വീഡിയോ വൈറലായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധമുയർന്നു.

'വിദ്യാഭ്യാസത്തിന്റെ ആവശ്യം എന്താണ്. പെൺകുട്ടികൾ നമ്മുടെ കരുത്താണ്. മോദിജി അവർക്കുവേണ്ടി നിലകൊള്ളുമ്പോൾ അവർ എന്തിനാണ് പഠിക്കാനായി പുറത്തിറങ്ങുന്നത്' എന്നായിരുന്നു പരാമർശം. വിദ്യാഭ്യാസം പെൺകുട്ടികളുടെ അവകാശമാണെന്ന് ഒരു മാദ്ധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ പെൺകുട്ടികൾക്ക് അവകാശങ്ങൾ തനിയെ ലഭിക്കുമെന്നായിരുന്നു മറുപടി. രാജ്യം സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഒരു മന്ത്രി തന്നെ ഇത്തരത്തിൽ പ്രതികരിക്കുന്നത് അപലപനീയമാണെന്ന് പലരും വിമർശിച്ചു.

സാമ്പത്തിക ശാസ്ത്രത്തിൽ ബി.എ (ഓണേഴ്സ്) ബിരുദം നേടിയ അദ്ധ്യാപകനായിരുന്നു മിഥിലേഷ്. കുറച്ചുകാലം പാട്നയിൽ കോച്ചിംഗ് ഇൻസ്റ്രിറ്റ്യൂട്ടും നടത്തി.

ഗോപാൽഗഞ്ച് ജില്ലയിലെ ബൈകുന്ത്പൂരിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയാണ്.

1988 ൽ എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. 1990ൽ ബി.ജെ.പിയിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക്. ആർ.ജെ.ഡി ഭരണകാലത്ത് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2015ൽ വിജയിച്ചു. 2020ൽ ബൈകുന്ത്പൂരിൽ നിന്ന് മത്സരിച്ചെങ്കിലും തോറ്റു. 2025ൽ ആർ.ജെ.ഡി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി എം.എൽ.എയായി.