സി.ബി.ഐ ഡയറക്‌ടർ: രാഹുൽ വിയോജനക്കുറിപ്പ് നൽകി

Wednesday 13 May 2026 12:54 AM IST

രാഹുൽ വിയോജനക്കുറിപ്പ് നൽകി

ന്യൂഡൽഹി: പുതിയ സി.ബി.ഐ ഡയറക്‌ടറെ തിരഞ്ഞെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ഇന്നലെ യോഗം ചേർന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ കമ്മിറ്റിയാണ് തിരഞ്ഞെടുക്കുക.

ഡയറക്‌ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടിക നൽകാത്തത് ചൂണ്ടിക്കാട്ടി രാഹുൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് വിയോജനക്കുറിപ്പ് അയച്ചു. സി.ബി.ഐയെ ദുരുപയോഗപ്പെടുത്താനുള്ള ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് നടപടികളെ പരിഹാസ്യമാക്കി. സുതാര്യതയില്ലാത്തതിന്റെ പേരിൽ മുൻയോഗങ്ങളിലും താൻ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടപടി ചടങ്ങാക്കി മാറ്റാനാണ് നീക്കം. പ്രതിപക്ഷ നേതാവ് റബർ സ്റ്റാമ്പ് അല്ല. പക്ഷപാതപരമായ നടപടികളിൽ സഹകരിക്കാനാകില്ലെന്നും രാഹുൽ വ്യക്തമാക്കി.

നിലവിലെ ഡയറക്‌‌ടർ പ്രവീൺ സൂദ് മേയ് 24ന് വിരമിക്കുന്ന ഒഴിവിലാണ് പുതിയ ആളെ നിയമിക്കുന്നത്. രണ്ടു വർഷമാണ് ഡയറക്‌ടറുടെ കാലാവധി.

കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനും ഡി.ജി.പിയുമായ യോഗേഷ് ഗുപ്‌‌തയും സാദ്ധ്യതാ പട്ടികയിലുണ്ട്. പഞ്ചാബ് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനും റാ മേധാവിയുമായ പരാഗ് ജെയിൻ, ഐ.ടി.ബി.പി മേധാവി ഹരിയാന കേഡറിലെ ശത്രുജീത് സിംഗ് കപൂർ, സി.ആർ.പി.എഫ് മേധാവി ജി.പി. സിംഗ്, ഹൈദരാബാദ് നാഷണൽ പൊലീസ് അക്കാഡമി ഡയറക്‌ടർ അമിത് ഗാർഗ്, മഹാരാഷ്‌ട്ര ഡി.ജി.പി സദാനന്ദ് ദാത്തെ എന്നിവരുടെ പേരുകളും പറഞ്ഞുകേൾക്കുന്നു.