മണിപ്പൂരിൽ 3 വൈദികരെ ​​വെടിവച്ച് കൊന്നു

Thursday 14 May 2026 12:51 AM IST

ഇംഫാൽ: മണിപ്പൂരിൽ സമാധാനം പുലരാൻ പരിശ്രമിക്കുന്ന സഭാ നേതാക്കൾക്കുനേരെയും അക്രമം. കാങ്‌പോക്പിയിൽ വെടിവയ്പിൽ മൂന്ന് ക്രൈസ്തവ വൈദികർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ക്രൈസ്തവ സംഘത്തിന്റെ വാഹനത്തിനുനേരെയാണ് ആക്രമണമുണ്ടായത്. മണിപ്പൂരിലെ മുൻ ബാപ്സ്റ്റിസ്റ്റ് കൺവെൻഷൻ (എം.ബി.സി) ജനറൽ സെക്രട്ടറി വി. സിറ്റ്ലൗ,​ തഡോ ബാപ്സ്റ്റിസ്റ്റ് അസോസിയേഷൻ (ടി.ബി.എ) അംഗങ്ങളായ കൈഗൗലെൻ, പാസ്റ്റർ പൗഗൗലെൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ലംകയിൽ നടന്ന ടി.ബി.എ കോൺഫറൻസിൽ പങ്കെടുത്ത ശേഷം രണ്ട് വാഹനങ്ങളിലായി ചുരാചന്ദ്പൂരിൽ നിന്ന് കാങ്‌പോക്പിയിലേക്ക് മടങ്ങുകയായിരുന്നു സംഘം. കാങ്‌പോക്പിയിലെ കോട്ട്ജിമിനും കോട്ട്ലനുമിടയിൽ വച്ച് വാഹനത്തിനുനേരെ അക്രമികൾ വെടിയുതിർത്തു. സുരക്ഷാസേന ഉടനെ പ്രദേശം വളഞ്ഞു. അക്രമികൾക്കായി തെരച്ചിൽ ആരംഭിച്ചു.

അനുരഞ്ജനത്തിന്

മുന്നിട്ടിറങ്ങിയവർ

കുക്കി-നാഗ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിനായി കൊഹിമയിൽ നടന്ന അനുരഞ്ജന ചർച്ചകളിൽ സജീവമായി പങ്കെടുത്തിരുന്ന സഭാ നേതാവാണ് വി. സിറ്റ്ലൗ. സമാധാനത്തിനായി നിലകൊണ്ട വ്യക്തികൾക്ക് നേരെയുണ്ടായ ഈ ആക്രമണം അത്യന്തം ദൗർഭാഗ്യകരമാണെന്ന് കുക്കി ഇൻപി മണിപ്പൂർ സംഘടന പ്രതികരിച്ചു. അക്രമികളെ എത്രയും വേഗം പിടികൂടണമെന്നും ആവശ്യപ്പെട്ടു.

റോഡ് ഉപരോധിച്ചു

സംഭവത്തെ തുടർന്ന് പല മേഖലയിലും പ്രതിഷേധം ശക്തമായി. മണിപ്പൂരിനെ നാഗാലാൻഡുമായും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായും ബന്ധിപ്പിക്കുന്ന ദേശീയപാതയുൾപ്പെടെ പ്രതിഷേധക്കാർ ഉപരോധിച്ചു. കാങ്‌പോക്പിയിലും കുക്കി,​സോ ജനവാസ പ്രദേശങ്ങളിലും സംഘർഷം വ്യാപിച്ചു.