ഇന്ത്യയ്ക്ക് യു.എ.ഇയുടെ 3 കോടി ബാരൽ എണ്ണ

Saturday 16 May 2026 12:31 AM IST

ന്യൂഡൽഹി: അബുദാബിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ സുപ്രധാന കരാറിൽ ഒപ്പുവച്ചു. ഇന്ത്യയിലെ പെട്രോളിയം കരുതൽശേഖരത്തിൽ 3 കോടി ബാരൽ അസംസ്കൃത എണ്ണ അബുദാബി നാഷണൽ ഓയിൽ കമ്പനി ഉറപ്പാക്കും.

രാജ്യത്തെ പെട്രോളിയം ഉപഭോഗത്തിന് ആനുപാതികമായി കരുതൽ ശേഖരം ഇല്ലാത്തത് പശ്ചിമേഷ്യൻ പ്രതിസന്ധി വന്നതോടെ ഇന്ത്യയ്ക്ക് വെല്ലുവിളിയായി മാറിയിരുന്നു. ഇതിനു പരിഹാരമാവും കരാർ.

വാതക കരുതൽ ശേഖരം സ്ഥാപിക്കാൻ ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സ് ലിമിറ്റഡും അബുദാബി നാഷണൽ ഓയിൽ കമ്പനിയും തമ്മിൽ കരാറിലൊപ്പിട്ടു. വിശാഖപട്ടണത്തെ സംഭരണശാലയിലേക്കാണ് പെട്രോളിയം പ്രധാനമായും എത്തിക്കുന്നത്. ഒഡിഷ ചന്ദിഖോലിലെ പ്ലാന്റുകൾ വികസിപ്പിക്കുകയും ചെയ്യും.

ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവിന്റെ ഭാഗമായി യു.എ.ഇയിലെ ഫുജൈറയിൽ അസംസ്കൃത എണ്ണ സംഭരിക്കാൻ സൗകര്യവും ഇന്ത്യയിലെ എൽ.എൻ.ജി, എൽ.പി.ജി സംഭരണശാലകളിൽ പങ്കാളിത്തവുമുണ്ടാകും. അഞ്ചു രാഷ്‌ട്രങ്ങൾ സന്ദർശിക്കാനായി പുറപ്പെട്ട മോദി ആദ്യമെത്തിയത് യു.എ.ഇയിലാണ്. നെതർലൻഡ്‌സ്,സ്വീഡൻ,നോർവെ, ഇറ്റലി എന്നീ രാജ്യങ്ങളും സന്ദർശിക്കും. തിങ്കളാഴ്ച നോർവെയിൽ നടക്കുന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിലും മോദി പങ്കെടുക്കും.

വാഡിനാറിൽ കപ്പൽ

അറ്റകുറ്റപ്പണി ക്ലസ്റ്റർ

ഗുജറാത്തിലെ വാഡിനാറിൽ കപ്പൽ അറ്റകുറ്റപ്പണി ക്ലസ്റ്റർ സ്ഥാപിക്കുന്നത് സംബന്ധിച്ച് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡും, ഡ്രൈഡോക്‌സ് വേൾഡും ധാരണാപത്രത്തിൽ ഒപ്പിട്ടു. മാരിടൈം ഡെവലപ്പ്മെന്റ് ഫണ്ട് പദ്ധതിക്ക് കീഴിൽ ഓഫ്‌ഷോർ ഫാബ്രിക്കേഷൻ ഉൾപ്പെടെ ഇവിടെ സജ്ജമാക്കും.