മോദിയെ വിമർശിച്ച് രാഹുൽ, രാജ്യത്ത് സാമ്പത്തിക കൊടുങ്കാറ്റ് ഉണ്ടാകും
ന്യൂഡൽഹി: പെട്രോൾ,ഡീസൽ വില തുടർച്ചയായി വർദ്ധിപ്പിക്കുന്നതിനിടെ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്നും
'സാമ്പത്തിക കൊടുങ്കാറ്റാണ്' വരാൻ പോകുന്നെന്നും മുന്നറിയിപ്പ് നൽകി. 'മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ കാരണമാണിത്. അദാനിക്കും അംബാനിക്കുമായി നിർമ്മിച്ച സമ്പദ്ഘടന തകരാൻ വിധിക്കപ്പെട്ടിരിക്കുകയാണ്. അദാനിയെയും അംബാനിയെയും മോദിയെയും ബാധിക്കില്ല. സാധാരണക്കാർക്കാണ് അതിന്റെ ആഘാതമേൽക്കുന്നത്. യുവാക്കളെയും കർഷകരെയും തൊഴിലാളികളെയും ചെറുകിട ബിസിനസ് ഉടമകളെയും ബാധിക്കും. വിദേശ യാത്രകൾ നടത്തരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി ലോകമെമ്പാടും കറങ്ങി നടക്കുകയാണ് "- രാഹുൽ വ്യക്തമാക്കി. മോദി സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്നും റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്കയുടെ അനുമതിക്കായി യാചിക്കുകയാണെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചു. വിശ്വഗുരു ചോദ്യങ്ങൾ നേരിടാതെ ഒളിച്ചോടുന്നുവെന്നും വിമർശിച്ചു.